പീറ്റേഴ്സന്‍ പിഴയിട്ടു, ഇംഗ്ലണ്ട് 474 ഡിക്ലയേര്‍ഡ്
ശനി, 23 ജൂലൈ 2011 (09:29 IST)
PTI
അതെ, ഇന്ത്യ വീഴും പഴയ തെറ്റുകള്‍ ആവര്‍ത്തിച്ചു. ഒന്നാം ദിവസം രണ്ട് തവണ കൈവിട്ട ട്രോട്ടിനെ (70) രണ്ടാം ദിവസം രാവിലെ എല്‍ബിയില്‍ കുരുക്കി പറഞ്ഞയക്കാന്‍ സാധിച്ചു എങ്കിലും അതേ പിഴവ് ഇന്ത്യ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ പീറ്റേഴ്സണ്‍ ഇന്ത്യയ്ക്ക് പിഴയിട്ടു - ഇന്നിംഗ്സ് തുടക്കത്തില്‍ രണ്ട് തവണ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ട പീറ്റേഴ്സണ്‍ ഇരട്ട സെഞ്ച്വറിയടിച്ച് സന്ദര്‍ശകര്‍ക്ക് ഞെട്ടല്‍ നല്‍കി. പീറ്റേഴ്സന്റെ കൈക്കരുത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 474 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു.
ഒരു വര്‍ഷക്കാലമായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച പീറ്റേഴ്സണ് ഇന്ത്യന്‍ ബോളിംഗ് നിരയില്‍ സഹീര്‍ഖാന്റെ അഭാവവും തുണയായി. സഹീര്‍ പരുക്ക് മൂലം വിശ്രമത്തിലായതും ഇന്ത്യന്‍ ഫീല്‍ഡിംഗിലെ പിഴവും ആഘോഷിച്ച പീറ്റേഴ്സണ്‍ പതുക്കെയാണ് തുടങ്ങിയതെങ്കിലും പിന്നീട് കത്തിക്കയറുകയായിരുന്നു. 216 പന്തുകളില്‍ നിന്ന് സെഞ്ച്വറി നേടിയ പീറ്റേഴ്സണ്‍ 150 എത്തിയപ്പോഴേക്കും തകര്‍ത്തടിച്ചു. വെറും 25 പന്തുകളില്‍ നിന്നാണ് 200 തികച്ചത്.
വെസ്റ്റിന്‍ഡീസില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇഷാന്ത് ശര്‍മ്മയ്ക്ക് ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ കഴിയാഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സഹീര്‍ഖാന്റെ അഭാവം കാരണം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ബോളെടുക്കാന്‍ നിര്‍ബന്ധിതനായി. ധോണി ബൌളിംഗ് നിരയിലേക്ക് മാറിയപ്പോള്‍ രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കാത്തു. തന്റെ മീഡിയം പേസ് ബൌളിംഗില്‍ ധോണി റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയെങ്കിലും വിക്കറ്റൊന്നും എടുത്തില്ല. ഹര്‍ഭജന്‍ സിംഗും ശരാശരി നാല് റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ എങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് വിക്കറ്റ് പ്രതീക്ഷ പ്രവീണ്‍കുമാറില്‍ മാത്രം ഒതുക്കേണ്ടി വന്നു.
രണ്ടാം ദിനം ലഞ്ചിനു മുമ്പ് ട്രോട്ടിനെയും (70) ലഞ്ചിനും ചായക്കുമിടയില്‍ ഇയാന്‍ ബെല്‍ (45), ഇയാന്‍ മോര്‍ഗന്‍ (0) എന്നിവരെയും ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടു. മാറ്റ് പ്രയറിനെയും (71), സ്റ്റുവര്‍ട്ട് ബ്രോഡിനെയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി പ്രവീണ്‍ ആതിഥേയരെ ഞെട്ടിച്ചു.
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: സ്‌ട്രോസ് സി ഇഷാന്ത് ബി സഹീര്‍ഖാന്‍ - 22, കുക്ക് എല്‍ബിഡബ്ലു - സഹീര്‍ഖാന്‍ - 12, ട്രോട്ട് എല്‍ബിഡബ്ലിയു - പ്രവീണ്‍കുമാര്‍ - 70, പീറ്റേഴ്‌സണ്‍ നോട്ടൗട്ട് - 202, ബെല്‍ സി ധോണി ബി പ്രവീണ്‍കുമാര്‍ - 45, മോര്‍ഗന്‍ സി ധോനി ബി പ്രവീണ്‍കുമാര്‍ - 0, പ്രയര്‍ സി ധോനി ബി പ്രവീണ്‍കുമാര്‍ - 71, ബ്രോഡ് എല്‍ബിഡബ്ലു പ്രവീണ്‍കുമാര്‍ - 0, സ്വാന്‍ ബി റെയ്ന - 24, ട്രെംലെറ്റ് നോട്ടൌട്ട് -4. എക്‌സ്ട്രാസ് - 24.