ചെന്നൈ ടെസ്റ്റ്: ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ചൊവ്വ, 26 ഫെബ്രുവരി 2013 (11:14 IST)
PRO
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 572 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിന് മറുപടിയായി ഇറങ്ങിയ കംഗാരുക്കള്‍ക്ക് രണ്ട് ഇന്നിംഗ്‌സുകളിലും കൂടി 50 റണ്‍സിന്റെ ലീഡ് മാത്രമാണ് നേടാനായത്. സെവാഗും മുരളീവിജയും ആദ്യഓവറുകളില്‍ത്തന്നെ പുറത്തായിരുന്നുവെങ്കിലും സച്ചിനും പൂജാരയും ചേര്‍ന്ന് ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചു. പരമ്പര 1-0ന് ഇന്ത്യ മുന്നിലാണ്.

ആദ്യ ഇന്നിംഗ്‌സില്‍ 380 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 241 റണ്‍സുമാണ് ഓസ്ട്രേലിയയ്ക്ക് നേടാനായത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 11 ഓവറുകളില്‍ 42 റണ്‍സ് നേടിയിട്ടുണ്ട്. മുരളീ‍ വിജയ് പാറ്റിന്‍സണിന്റെ ബോളിലും വീരേന്ദര്‍ സെവാഗ്(19) നഥാന്‍ ലിയോണിന്റെ പന്തിലും പുറത്തായി.

അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ ജഡേജയുടെ പന്തില്‍ ലിയോന്‍(11) പുറത്താകുകയായിരുന്നു. 81 റണ്‍സുമായി ഹെന്‍‌റിക്സ് പുറത്താകാതെ നിന്നു. രണ്ടാം ഇന്നിംഗ്സില്‍ 5 വിക്കറ്റ് എടുത്ത ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് നേടിയ ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജനും ചേര്‍ന്നാണ് ഓസീസ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. ഇതോടെ ആദ്യ ഇന്നിംഗ്സില്‍ 7 വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ വിക്കറ്റ് നേട്ടം 12 ആയി.

അവസാന വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഹെന്റിക്‌സ്‌- ലിയോണ്‍ ജോഡിയാണ് നാലാം ദിനം ഓസീസ് ഇന്നിംഗ്സിന് അവസാനിപ്പിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.
ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 192 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. നായകന്‍ എം എസ് ധോണിയുടെ സെഞ്ച്വറിയുടേയും കോഹ്ലിയുടെ സെഞ്ച്വറിയുടേയും പിന്‍ബലത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടിയത്.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 380 റണ്‍സെനെതിരെ മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 572 റണ്‍സിന് പുറത്താകുകയായിരുന്നു. 199 പന്തില്‍ നിന്നാണ് കോ‌ഹ്‌ലി സെഞ്ച്വറി നേടിയത്. ഒരു സിക്സറും 14 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു കോ‌ഹ്‌ലിയുടെ സെഞ്ച്വറി.

81 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. നഥാന്‍ ലിയോണിന്റെ പന്തില്‍ സച്ചിന്‍ ബൗള്‍ഡാകുകയായിരുന്നു. തുടര്‍ന്ന് ധോണിയും കോഹ്ലിയും ചേര്‍ന്നാണ് ഇന്ത്യന്‍ മറുപടിക്ക് വേഗം കൂട്ടിയത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ധോണിയാണ് പ്രധാന സംഭാവന നല്‍കിയത്. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്.

വെബ്ദുനിയ വായിക്കുക