ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20: യോഗ്യതാ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (12:19 IST)
PRO
PRO
ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ യോഗ്യതാ മത്സരങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. യോഗ്യതാ മത്സരത്തില്‍ നാല് ടീമുകളാണ് പങ്കെടുക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പാകിസ്താനില്‍ നിന്നുള്ള ഫൈസലാബാദ് വോള്‍വ്‌സ്, ന്യൂസീലന്‍ഡിലെ ഒട്ടാഗോ വോള്‍ട്ട്‌സ്, ശ്രീലങ്കയുടെ കാണ്ടുരാത മറൂണ്‍സ് എന്നീ ടീമുകളാണ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കുന്നത്.
യോഗ്യതാ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടക്കും. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഈ മാസം 21നാണ് ആരംഭിക്കുക. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി 10 ടീമുകളാണ് കളിക്കുന്നത്. പകലും രാത്രിയുമായുള്ള മത്സരങ്ങള്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്.
ഇന്ത്യയില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ നേരിട്ട് ഗ്രൂപ്പ് ഘട്ടത്തില്‍ നേരത്തെ സ്ഥാനം നേടിയിട്ടുണ്ട്. ലയണ്‍സ്, ടൈറ്റന്‍സ് (ഇരുടീമുകളും ദക്ഷിണാഫ്രിക്ക), പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്, ബ്രിസ്‌ബേന്‍ ഹീറ്റ്‌സ് (ഓസ്‌ട്രേലിയ), ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നിവയാണ് നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യത നേടിയിട്ടുളള മറ്റ് ടീമുകള്‍.
ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ശ്രദ്ധ നേടുന്നത് ഇന്ത്യയുടെ വന്‍മതില്‍ എന്ന് വിശേഷണമുള്ള രാഹുല്‍ ദ്രാവിഡിന്റെ വിരമിക്കല്‍ മത്സരം എന്ന പേരിലായിരിക്കും. ക്രിക്കറ്റിന്റെ ബാക്കിയുള്ള എല്ലാ മേഖലകളില്‍ നിന്ന് വിരമിച്ച ദ്രാവിഡ് ഇതോടെ പൂര്‍ണമായും ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അവസാന ട്വന്റി-20 മത്സരങ്ങള്‍ കൂടുയാവും ഇത്.