കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇതില്‍ 50 ശതമാനം കിടക്കകള്‍ നാളെയും (ഏപ്രില്‍ 29) ശേഷിക്കുന്നവ ക്രമേണയും കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കണമെന്നും കളക്ടര്‍ ഉത്തരവിട്ടു.
കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കുന്നവയില്‍ 30 ശതമാനം കിടക്കകള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ റഫര്‍ ചെയ്യുന്നവര്‍ക്കായി മാറ്റിവയ്ക്കും. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആശുപത്രികള്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.