കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കാസര്‍കോട് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം രാത്രി ഒമ്പത് വരെ മാത്രമേ അനുവദിക്കു. രാത്രി 11 വരെ തുറക്കാന്‍ അനുവദിക്കണമെന്ന ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയിലാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് സമയം നീട്ടാനാവില്ലെന്ന് കളക്ടര്‍ അറിയിച്ചത്.
ജില്ലയിലെ തട്ടുകടകള്‍ക്ക് വൈകീട്ട് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാഴ്സല്‍ മാത്രമേ വിതരണം ചെയ്യാന്‍ അനുമതിയുള്ളൂ. തട്ടുകടകള്‍ക്ക് സമീപം നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. നിയമ വിരുദ്ധമായ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കും. പൊതുജനതാല്‍പര്യം മുന്‍ നിര്‍ത്തിയാണ് തീരുമാനം. തട്ടുകടകള്‍ നിയമം ലംഘനം തുടര്‍ന്നാല്‍ നടപടി കര്‍ശനമാക്കുന്നതിന് മാഷ് പദ്ധതിയുടെ ഭാഗമായ അധ്യാപകരെ ചുമതലപ്പെടുത്തി. ഇതിന് ആവശ്യമായ പോലീസ്, റവന്യു വകുപ്പുകളുടെ സഹായവും ലഭ്യമാക്കും.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിഥി തൊഴിലാളികള്‍ ജില്ലയില്‍ എത്തിതുടങ്ങിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ ജില്ലയില്‍ വന്നാല്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പുറത്തിറങ്ങി തൊഴിലെടുക്കാന്‍ അനുവദി ക്കൂ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാര്‍ തൊഴിലാളികളുടെ ഉത്തരവാദിത്തമേറ്റെടുക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലാ ലേബര്‍ ഓഫീസര്‍ ഒരാഴ്ചക്കകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.