കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ ആകെ കേസുകളിലെ പകുതിയും കേരളത്തിലാണ്. ഈ പ്രതിസന്ധിയെ കേരളം എങ്ങനെ മറികടക്കും? ഐസിഎംആറിന്റെ പുതിയ സിറോ സര്‍വെ പ്രകാരം കേരളത്തിലെ 44.4 ശതമാനം പേര്‍ക്കു മാത്രമാണ് വൈറസിനെതിരെയുള്ള ആന്റിബോഡിയുള്ളത്. അതായത് കൊറോണ വൈറസ് പിടികൂടാന്‍ സാധ്യതയുള്ള 50 ശതമാനത്തില്‍ അധികം പേര്‍ ഇപ്പോഴും കേരളത്തിലുണ്ട്.
കോവിഡ് ബാധിച്ച് ഭേദമായവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലുമാണ് കൊറോണ വൈറസിനെതിരായ ആന്റിബോഡി ഉണ്ടാകുക. അതായത് കോവിഡ് പ്രതിസന്ധി രൂക്ഷമാകാതിരിക്കാന്‍ കേരളം അടിയന്തരമായി ചെയ്യേണ്ടത് വാക്‌സിന്‍ വിതരണം ദ്രുതഗതിയിലാക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ 30 ശതമാനം പേര്‍ക്കെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേരളത്തിനു സാധിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നിലവില്‍ സംസ്ഥാനത്തു രണ്ട് ഡോസ് വാക്‌സിന്‍ കിട്ടിയിട്ടുള്ളത് 16 ശതമാനം പേര്‍ക്കു മാത്രമാണ്. വാക്‌സിന്‍ വിതരണം ചെയ്ത് ജനസംഖ്യയില്‍ കൂടുതല്‍ ശതമാനം ആളുകളിലും കൊറോണയ്‌ക്കെതിരായ ആന്റിബോഡി ഉണ്ടാക്കിയെടുക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇല്ലെങ്കില്‍ മൂന്നാം തരംഗം വരുമ്പോഴേക്കും സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് മുന്നറിയിപ്പ്.