കേരളത്തിലെ കോവിഡ് വ്യാപനത്തിനു കാരണം വ്യക്തമാക്കി കേന്ദ്രസംഘം; അത് ഇളവുകളല്ല

ചൊവ്വ, 3 ഓഗസ്റ്റ് 2021 (09:42 IST)
ബക്രീദ് ഇളവുകളോ മറ്റ് ലോക്ക്ഡൗണ്‍ ഇളവുകളോ അല്ല കേരളത്തില്‍ കോവിഡ് വ്യാപനത്തിനു കാരണമെന്ന് കേന്ദ്രസംഘം. സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ നടപ്പിലാക്കുന്ന ഹോം ഐസൊലേഷനാണ് രോഗവ്യാപനത്തിനു കാരണമെന്ന് കേന്ദ്രസംഘം പറയുന്നു. ഹോം ഐസൊലേഷന്‍ രീതിയില്‍ വീഴ്ചയുണ്ടെന്നാണ് കേരളത്തിലെത്തിയ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. ഒരാള്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ആ വീട്ടിലെ എല്ലാവരും രോഗബാധിതരാകുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്ന് കേന്ദ്രസംഘം പറയുന്നു. കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. 
 
കേരളത്തില്‍ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാതിരുന്ന രോഗികള്‍ക്ക് വീടുകളിലാണ് ചികിത്സ നല്‍കിയിരുന്നത്. ഇത്തരം രോഗികളിലെ ഗാര്‍ഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകളില്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങളൊന്നും കാര്യക്ഷമമായി നടന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇതാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും വീടുകളിലുള്ളവരും തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തല്‍. ബക്രീദ് ഇളവുകളാണ് കേരളത്തില്‍ രോഗവ്യാപനത്തിനു കാരണമായതെന്ന ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനു തിരിച്ചടിയാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍