കൊറോണ; മരിച്ചവരുടെ എണ്ണം 3000 കടന്നു, വൈറസ് ബാധിതർ ആകെ 80,000

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 2 മാര്‍ച്ച് 2020 (10:19 IST)
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത് 42 പേർ. ഇതോടെ കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 2912 കടന്നു. ഇറാനിൽ 42 പേരും ജപ്പാനിൽ 4 പേരും ഇന്നലെ മരണമടഞ്ഞു. ഇതോടെ വൈറസ് ബാധിച്ച് മരിച്ച ആകെ ആൾക്കാരുടെ എണ്ണം 3000 കടന്നു. 
 
ലോകത്ത് ഒട്ടാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 80,000 കടന്നിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലായി വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നു. യു എസിൽ രണ്ട് പേർ മരിച്ചു. 50ലധികം ആളുകൾക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 
 
വൈറസിനെതിരെ അതീവ ജാഗ്രത തുടരുന്നതിടെ ഇറ്റലിയിൽ മരണം 34 ആയി ഉയർന്നു. 1694 പേർക്കു രോഗം  സ്ഥിരീകരിച്ചു. ഇതുവരെ 63 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ഇറാനില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് പകര്‍ന്നതെന്നാണ് വിലയിരുത്തല്‍.
 
ദക്ഷിണകൊറിയയിൽ ഞായറാഴ്ച പള്ളി അടച്ചിട്ടു. ഇവിടെ ഓൺലൈൻ വഴിയായിരുന്നു അന്നേദിവസം കുർബാന നടത്തിയത്. സൗദി ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതിശക്തമായ ആരോഗ്യനടപടികളാണ് ആരോഗ്യമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍