ഓണത്തിന് കപ്പപ്രഥമന്‍

ഓണസദ്യ ഒരുക്കുമ്പോള്‍ പ്രഥമന്‍ അവിഭാജ്യഘടകമാണ്. കപ്പ കൊണ്ട് കൊതിയൂറുന്നൊരു പ്രഥമന്‍ ആയാലോ...

ചേര്‍ക്കേണ്ടവ‍:

പച്ചക്കപ്പ പുഴുങ്ങിപ്പൊടിച്ചത് 150 ഗ്രാം
പച്ചക്കപ്പ അടയുടെ രൂപത്തില്‍ അരിഞ്ഞെടുത്തത് 100 ഗ്രാം
ശര്‍ക്കര 250 ഗ്രാം
തേങ്ങ തിരുമ്മിയത് 1 കപ്പ്
തേങ്ങയുടെ തലപ്പാല്‍ 2 കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ 2 കപ്പ്
ചുക്ക് പൊടിച്ചത് 1/4 ടീസ്പൂണ്‍
ജീരകം പൊടിച്ചത് 1/4 ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് 1/4 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് ആവശ്യത്തിന്
ഉണക്കമുന്തിരി ആവശ്യത്തിന്
കൊത്തിയരിഞ്ഞ തേങ്ങ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ശര്‍ക്കര വെള്ളം ഒഴിച്ച് പാനിയായി അരിച്ചെടുക്കണം. ഇത് ഏകദേശം ഒന്നരക്കപ്പ് വരും. രണ്ടുകപ്പ് വെള്ളം വെട്ടിത്തിളക്കുമ്പോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന കപ്പ അതിലിട്ട് പൊടി കളയാതെ വേവിച്ച് വെള്ളം ഊറ്റിക്കളയണം. ചെറിയ ഉരുളിയിലോ ചുവടുകട്ടിയുള്ള അലൂമിനിയം ചീനച്ചട്ടിയിലൊ പാനിയൊഴിച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ കപ്പ ഇട്ട് വഴറ്റുക. ഈ കപ്പ വേകുമ്പോള്‍ പുഴുങ്ങിപ്പൊടിച്ച കപ്പ രണ്ടാം പാലില്‍ കലക്കി ഇതില്‍ ഒഴിച്ച് ഇളക്കുക. ഇളക്കി പകുതി മുറുകുമ്പോള്‍ തലപ്പാലില്‍ ചുക്ക്, ജീരകം, ഏലക്ക എന്നിവ ചേര്‍ത്ത് പായസത്തില്‍ ഒഴിച്ച് വെട്ടിത്തിളയ്ക്കുന്നതിനു മുന്‍പ് വാങ്ങി വെയ്ക്കുക. ഇതിലേക്ക് നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൊത്തിയരിഞ്ഞ തേങ്ങയും ചേര്‍ക്കുക. കപ്പ പ്രഥമന്‍ റെഡി.

വെബ്ദുനിയ വായിക്കുക