'വാഴ'യ്ക്കു രണ്ടാം ഭാഗം; ഇനി നവാഗത സംവിധായകന്‍

രേണുക വേണു

ബുധന്‍, 21 ഓഗസ്റ്റ് 2024 (16:06 IST)
Vaazha 2nd Part

സൂപ്പര്‍ഹിറ്റ് ചിത്രം 'വാഴ - ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സി'നു രണ്ടാം ഭാഗം. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ എസ്.എയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വാഴ - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്നാണ് രണ്ടാം ഭാഗത്തിന്റെ മുഴുവന്‍ പേര്. അഖില്‍ ലൈലാസുരന്‍ ആണ് രണ്ടാം ഭാഗത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇമാജിന്‍ സിനിമാസ്, സിഗ്നേചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. 
 
അതേസമയം 'വാഴ' ആദ്യ ഭാഗം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെയ്ക്കുന്നത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 15 കോടി കടന്നതായാണ് റിപ്പോര്‍ട്ട്. കേരള ബോക്സ്ഓഫീസില്‍ 10 കോടിക്ക് അടുത്താണ് ചിത്രം ഇതുവരെ കളക്ട് ചെയ്തത്. 
 
സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്തു ആറാം ദിവസമായ ഇന്നലെ 1.43 കോടി ഇന്ത്യയില്‍ നിന്നു മാത്രം കളക്ട് ചെയ്യാന്‍ സിനിമയ്ക്കു സാധിച്ചു. റിലീസിനു ശേഷം ഒരു ദിവസം പോലും വാഴയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ ഒരു കോടിയില്‍ താഴ്ന്നിട്ടില്ല. ആറ് ദിവസം കൊണ്ട് 9.33 കോടിയാണ് വാഴയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഈ വാരാന്ത്യത്തോടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 20 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. വെറും നാല് കോടി ചെലവഴിച്ച് നിര്‍മിച്ച ചിത്രമാണ് വാഴ. 
 
വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴയില്‍ (ആദ്യ ഭാഗം) സിജു സണ്ണി, അമിത് മോഹന്‍, ജോമോന്‍ ജ്യോതിര്‍, അനുരാജ്, സാഫ്‌ബോയ്, ഹാഷിര്‍, അന്‍ഷിദ് അനു, ജഗദീഷ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍