ആ വാക്ക് സുരേഷ് ഗോപി പാലിച്ചു, ജയലക്ഷ്മിയുടെ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും

കെ ആര്‍ അനൂപ്

വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (14:09 IST)
പത്തനാപുരം സ്വദേശിയായ ജയലക്ഷ്മി എന്ന പെണ്‍കുട്ടി നല്‍കിയ സമ്മാനം പ്രധാനമന്ത്രിയുടെ കൈകളില്‍ ഏല്‍പ്പിച്ച് സുരേഷ് ഗോപി.പത്താപുരം ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനിടെ സുരേഷ് ഗോപി കൊടുത്ത വാക്കായിരുന്നു അത്. കുട്ടി തന്നെ നട്ടുവളര്‍ത്തിയ പേര വൃക്ഷത്തൈ അവളുടെ ആഗ്രഹപ്രകാരം പ്രധാനമന്ത്രിക്ക് സമ്മാനിക്കാമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കുകയായിരുന്നു.
 
'പത്തനാപുരത്തെ ഒരു വീട്ടുമുറ്റത്ത് ചിന്താശീലയായ ഒരു പെണ്‍കുട്ടി നട്ടുവളര്‍ത്തിയ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും. ഞാന്‍ വാക്കുനല്‍കിയിരുന്നതുപോലെ ജയലക്ഷ്മി നല്‍കിയ പേരത്തൈ ഇന്നലെ പ്രധാനമന്ത്രിക്ക് കൈമാറി. സന്തോഷപൂര്‍വ്വം അത് സ്വീകരിച്ച അദ്ദേഹം തന്റെ ഔദ്യോഗിക വസതിയുടെ വളപ്പില്‍ അത് നടാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
 
പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.'- സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍