ഏത് രൂപത്തിലുള്ള അക്രമവും വലിയ പാപമാണെന്ന് ഞാൻ വിശ്വസിക്കുന്നു: വിവാദത്തിൽ വിശദീകരണവുമായി സായ് പല്ലവി

ഞായര്‍, 19 ജൂണ്‍ 2022 (12:00 IST)
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിൻ്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന പ്രസ്താവനയിൽ വിശദീകരണവുമായി സായ് പല്ലവി. തൻ്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതിനെ തുടർന്നാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. വിഷയത്തിൽ താരത്തിനെതിരെ പോലീസ് കേസെടുക്കുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.
 
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡീയോവിലാണ് താരം വിവാദത്തെ പറ്റി വിശദീകരണം നൽകിയത്. പറയുന്ന വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയുള്ളതിനാൽ ഹൃദയം തുറന്ന് പറയുന്നതിന് മുൻപ് രണ്ട് തവണ ആലോചിക്കുന്നത് ഇതാദ്യമായാണെന്ന് താരം പറയുന്നു. കശ്മീർ ഫയൽസ് കണ്ട് സംവിധായകൻ വിവേക് അഗ്നിഹോത്രിയുമായി സംസാരിച്ചിരുന്നു. ആളുകളുടെ ദുരവസ്ഥ കണ്ട് ഞാൻ അസ്വസ്ഥയായിരുന്നു.
 
ഏത് രൂപത്തിലുള്ള അക്രമണവും ഏതെങ്കിലും മതത്തിൻ്റെ പേരിലുള്ള അക്രമവും പാപമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് മാത്രമാണ് ഞാൻ പറയാൻ ശ്രമിച്ചത്. ആൾക്കൂട്ടകൊലപാതകങ്ങളെ പലരും ഓൺലൈനിൽ ന്യായീകരിക്കുന്നത് കണ്ടപ്പോൾ അസ്വസ്ഥതയുണ്ടായിരുന്നു. മറ്റൊരാളുടെ ജീവനെടുക്കാൻ ആർക്കും അവകാശമുണ്ടെന്ന് ഞാൻ കരുതുന്നില്ല. താരം പറഞ്ഞു. തൻ്റെ കുട്ടിക്കാലത്ത് ഒരിക്കലും സംസ്കാരത്തിൻ്റെയും ജാതിയുടെയും മതത്തിൻ്റെയും പേരിൽ വേർതിരിവുണ്ടായിരുന്നില്ലെന്നും സായ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍