Rorschach Review: സ്വയം പുതുക്കുന്ന മമ്മൂട്ടി, റോഷാക്ക് പ്രേക്ഷകർക്കുള്ള ഇങ്ക് ബ്ലോട്ട് ടെസ്റ്റ്

വെള്ളി, 7 ഒക്‌ടോബര്‍ 2022 (19:20 IST)
മമ്മൂട്ടി എന്ന നടൻ്റെ 70 വയസിന് ശേഷമുള്ള കാലമാണ് താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നതെന്ന വാക്കുകൾ മലയാള സൂപ്പർ താരം പൃഥ്വിരാജിൻ്റേതാണ്. 2022ൽ ഭീഷ്മയും പുഴുവും നൽകി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി തൻ്റെ രണ്ടാം ഇന്നിങ്ങ്സ് റോഷാക്കിലൂടെയും തുടരുന്നതിനാണ് തിയേറ്ററുകൾ സാക്ഷ്യം വഹിക്കുന്നത്. മലയാളത്തിൽ അത്ര പരിചിതമല്ലാത്ത സൈക്കോളജിക്കൽ ത്രില്ലറെന്ന നിലയിൽ ഒരുങ്ങിയ റോഷാക്ക് മമ്മൂട്ടി എന്ന നടൻ്റെ ഇങ്ക് ബ്ലോട്ട് ടെസ്റ്റാണ് എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.
 
കെട്ടിയോളാണ് എൻ്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം തീർത്തും പുതുതായ ലോകത്തിലാണ് നിസാം ബഷീർ ഇത്തവണ കഥ പറയുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളിലൂടെ എഴുത്തിൽ തൻ്റേതായ മുദ്ര പതിപ്പിച്ച സമീർ അബ്ദുൾ ആണ് ചിത്രത്തിൻ്റെ രചയിതാവ്. മഴയുള്ള അർദ്ധരാത്രിയിൽ തനിക്ക് അപരിചിതമായ ഒരിടത്ത് വെച്ച് അപകടം സംഭവിക്കുന്ന ലൂക്ക് ആൻ്റണി പോലീസിൽ പരാതി പറയുന്ന ഇടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്.
 
തനിക്കൊപ്പം ഉണ്ടായിരുന്ന ഭാര്യ അപകടം നടന്ന സ്ഥലത്ത് നിന്ന് കാണാതാവുകയും ഭാര്യയേ കണ്ടെത്താനായി ലൂക്ക് ആ പ്രദേശത്ത് തന്നെ താമസമാക്കുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. മഴയുള്ള ആദ്യരംഗത്തിൽ നിന്ന് തുടങ്ങി സിനിമയുടെ മൂഡ് കൃത്യമായി പിടിച്ചുപോകാൻ ചിത്രത്തിൻ്റെ ദൃശ്യങ്ങൾക്കും പശ്ചാത്തലസംഗീതത്തിനുമാകുന്നുണ്ട്. കുറുപ്പ് എന്ന ചിത്രത്തിൽ നിന്നും നിമിഷ് വീണ്ടും ദൃശ്യങ്ങൾ തൻ്റെ ക്യാമറ കണ്ണിലാക്കുമ്പോൾ കാടിൻ്റെ വന്യതയ്ക്കൊപ്പം ലൂക്കിൻ്റെ ദുരൂഹതയും പ്രേക്ഷകന് അനുഭവവേദ്യമാകുന്നുണ്ട്. ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് ശേഷം മിഥുൻ മുകുന്ദൻ്റെ മികച്ച വർക്കാണ് റോഷാക്കിലേത്.
 
ഭാര്യയെ കണ്ടെത്തുന്നതിനായി നാട്ടിൽ തുടരുന്ന മമ്മൂട്ടി കഥാപാത്രമായ ലൂക്കിൽ ചുറ്റിപറ്റിയാണ് ചിത്രം വികസിക്കുന്നത്. പ്രകടനങ്ങളിൽ സ്ഥിരം വാർപ്പുമാതൃകകൾ പൊളിച്ചെഴുതുന്നതിനായി ബിന്ദു പണിക്കർ, ജഗദീഷ്,കീരിക്കാടൻ ജോസ് തുടങ്ങിയ ഒരുപറ്റം അഭിനേതാക്കൾ പരസ്പരം സ്ക്രീനിൽ മത്സരിക്കുന്നത് സിനിമാ ആസ്വാദകർക്ക് സുഖകരമായ കാഴ്ചയാണ്. അതിൽ തന്നെ ബിന്ദു പണിക്കർ തൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമാണ് റോഷാക്കിൽ പകർന്നാടുന്നത്.
 
ഒരു അന്വേഷണാത്മകമായ സിനിമയായി തുടങ്ങുന്ന റോഷാക് പല ഘട്ടങ്ങളിൽ സൈക്കോളോജിക്കൽ ത്രില്ലറായും ഹൊറർ എലമെൻ്റുകളുള്ള കഥയായും മാറുന്ന കാഴ്ച മലയാള സിനിമയ്ക്ക് തീർത്തും പുതുമയായ കാഴ്ചയാണ്. അഭിനേതാവെന്ന നിലയിൽ ശബ്ദവിന്യാസത്തിലെ മാറ്റങ്ങൾ കൊണ്ടും മൂർച്ചയുള്ള നോട്ടവും മൂളലുകളും കൊണ്ടും മമ്മൂട്ടി സ്ക്രീൻ നിറഞ്ഞാടുന്നത് പ്രേക്ഷകനെ പലപ്പോഴും അമ്പരപ്പിക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറെകാലമായി സജീവമായ ശ്രീജ (ഡബ്ബിങ് ആർട്ടിസ്റ്റ്), മറിമായം മണി എന്നിങ്ങനെയുള്ള പുതിയ അഭിനേതാക്കളെ കൂടി സിനിമ കണ്ടെടുക്കുന്നുണ്ട്. ആഖ്യാനത്തിൽ ആദ്യപകുതി സങ്കീർണ്ണതകൾ മുന്നിൽ വെച്ചും അതിൻ്റെ ചുരുൾ അഴിച്ചും ത്രില്ലടിപ്പിക്കുമ്പോൾ ഒരു റിവഞ്ച് ത്രില്ലർ എന്ന നിലയിലേക്കായി രണ്ടാം ഭാഗം വികസിക്കുന്നു. 
 
തീർത്തും ഡാർക്കോ, ഗ്രേ ഷെയ്ഡോ ഉള്ള കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന ചിത്രവും ഒരു ഇരുണ്ട കളർ പാറ്റേണിലാണ് കഥ പറഞ്ഞുപോകുന്നത്. ചിത്രത്തിൻ്റെ എഡിറ്റിങ്ങും പ്രത്യേക പരാമർശം അർഹിക്കുന്നതാണ്. അതേസമയം ശക്തമായ സാങ്കേതിക പിന്തുണയും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിന് ബലമാകുമ്പോൾ ഒന്നാം പകുതിയിൽ സിനിമ നൽകുന്ന മുറുക്കത്തിന് കിടപിടിക്കുന്ന രണ്ടാം ഭാഗം ഒരുക്കാൻ ചിത്രം ഒരൽപ്പം പ്രയാസപ്പെടുന്നുണ്ട്. ഇതുവരെ ആരും പറയാത്ത കഥയല്ല റോഷാക്കിനുള്ളത്. എന്നാൽ മലയാള സിനിമയ്ക്ക് തീർത്തും പുതിയതായ കഥ പറച്ചിൽ രീതിയാണ് ചിത്രത്തിനുള്ളത്. മികച്ച സംവിധാനവും അതിനൊപ്പം പരീക്ഷണാത്മകവുമായ ചിത്രം പ്രേക്ഷകൻ്റെ രണ്ട് മണിക്കൂർ നേരം ആവശ്യപ്പെടുന്ന ചിത്രമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍