പാൻ ഇന്ത്യൻ റിലീസായാണ് കാന്താര തിയറ്ററുകളിലെത്തിയത്. 9-ാം ദിവസമായപ്പോൾ തന്നെ ഹിന്ദി പതിപ്പ് 100 കോടി കളക്ഷൻ നേടിയിരുന്നു. 60 കോടിയാണ് തെലുങ്ക് പതിപ്പ് ഇതിനോടകം നേടിയത്. മലയാളത്തിലും തമിഴിലും നിന്നുമായി 20 കോടിയും ചിത്രം കളക്ട് ചെയ്തു. വരും ദിവസങ്ങളിലും ഇതേ ക്രൗഡ് തന്നെ സിനിമയ്ക്കുള്ളതെങ്കിൽ കാന്താര 1000 കോടി കടക്കുമെന്ന് കാര്യത്തിൽ സംശയമില്ല.
ഋഷഭിനെ കൂടാതെ ചിത്രത്തിൽ നടൻ ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, രാകേഷ് പൂജാരി എന്നിവരും പ്രധാന വേഷത്തിലെത്തി. ചിത്രത്തിന്റെ മേക്കിങ് തന്നെയാണ് സിനിമാ പ്രേക്ഷകരെ അമ്പരപ്പെടുത്തിയത്. ഒക്ടോബർ രണ്ടിന് ദസറ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കാന്താരയുടെ വിജയത്തിന് പിന്നാലെ സംവിധായകൻ ഋഷഭ് ഷെട്ടി സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു. പിന്നാലെ കാന്താര ചാപ്റ്റർ 2 വും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്.