Surya: സൂര്യ ഹാപ്പിയായിരുന്നു, പക്ഷെ പ്രേക്ഷകർ കൈവിട്ടു: തിയേറ്ററിൽ പരാജയമായ സൂര്യ ചിത്രത്തെ കുറിച്ച് സംവിധായകൻ

നിഹാരിക കെ.എസ്

ബുധന്‍, 30 ജൂലൈ 2025 (10:52 IST)
സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'എതർക്കും തുനിന്തവൻ'. വലിയ പ്രതീക്ഷയോടെ റിലീസ് ആയ ഈ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമായി ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നില്ല. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. 
 
ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് പാണ്ഡിരാജ്. മൂന്ന് വർഷമാണ് ആ സിനിമയ്ക്കായി മാറ്റിവെച്ചതെന്നും എന്നാൽ ചില കാരണങ്ങൾ കൊണ്ട് ചിത്രം കണക്ട് ആയില്ലെന്നും പാണ്ഡിരാജ് സിനി ഉലഗത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
'സൂര്യക്ക് ഫ്ലോപ്പ് നൽകിയിട്ട് മറ്റു നായകന്മാർക്ക് ഞാൻ ഹിറ്റ് കൊടുക്കുന്നു എന്ന് പലരും പറയുന്നത് കേട്ടു. പക്ഷെ അത് സത്യമല്ല. എതർക്കും തുനിന്തവൻ എന്ന സിനിമയ്ക്ക് വേണ്ടി മൂന്ന് വർഷമാണ് മാറ്റിവെച്ചത്. ഞാൻ ഏറ്റവും കൂടുതൽ സമയം മാറ്റിവെച്ചതും കഷ്ടപ്പെട്ടതും ആ സിനിമയ്ക്ക് വേണ്ടിയാണ്. പക്ഷെ സിനിമ ഹിറ്റാകുന്നതും അല്ലാത്തതും നമ്മുടെ കയ്യിലല്ല. 
 
കാർത്തിക്ക് ഒരു ഹിറ്റ് സിനിമ കൊടുത്തിട്ട് അതിനേക്കാൾ വലിയ ഹിറ്റ് സിനിമ സൂര്യ സാറിന് നൽകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ എന്തോ ചില കാരണങ്ങൾ കൊണ്ട് ആ സിനിമ കണക്ട് ആയില്ല. അതിൻ്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. എന്റെ നിർമാതാവും ഹീറോയും സിനിമയെക്കുറിച്ച് ഹാപ്പി ആയിരുന്നു. പക്ഷെ കളക്ഷനിൽ ഒരു വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല എന്നുള്ളത് എല്ലാവർക്കും ഒരു വിഷമമാണ്', പാണ്ഡിരാജ് പറഞ്ഞു.
 
പ്രിയങ്ക മോഹൻ, സൂരി, വിനയ് റായ്, സത്യരാജ്, ശരണ്യ പൊൻവണ്ണൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സിനിമയ്ക്കായി ഡി ഇമ്മാൻ സംഗീത സംവിധാനം നിർവഹിച്ചു. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 63 കോടി നേടിയതായാണ് റിപ്പോർട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍