മോഹന്‍ലാല്‍ ഡയലോഗ് പഠിച്ചത് ലൈറ്റ് ബോയ്സ് കാരണം!

വ്യാഴം, 2 ഒക്‌ടോബര്‍ 2014 (14:58 IST)
നമ്മുടെ ലാലേട്ടന്‍ ഡയലോഗ് പഠിച്ചത് ലൈറ്റ് ബോയ്സ് കാരണമാണ്. ആരും ഞെട്ടണ്ട. മലയാളത്തിലെന്നല്ല അഭിനയിച്ച എല്ലാ ഭാഷകളിലും ഡയലോഗ് ഡെലിവെറിയും പെര്‍ഫോമന്‍സും കൊണ്ട് ഞെട്ടിച്ച താരമാണ് ലാലേട്ടന്‍. ഇത്തവണയും അത് തന്നെ സംഭവിച്ചു. കന്നഡ സിനിമയായ മൈത്രിയുടെ സംവിധായകനായ ഗിരിരാജാണ് മോഹന്‍ലാലിന്റെ പ്രകടനം കണ്ട് ഞെട്ടിയത്. മൈത്രിയില്‍ മോഹന്‍ലാലും കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനിത് രാജ്കുമാറുമാണ് നായകന്മാര്‍. 
 
ഇത്ര സമര്‍പ്പണമുള്ള നടനെ കണ്ടിട്ടില്ലെന്നാണ് ഗിരിരാജ് പറയുന്നത്. ഷൂട്ടിംഗിനിടയില്‍ അസിസ്റ്റന്റ് ഡയറക്ടേഴ്സ് പറയുന്ന ഡയലോഗുകള്‍ ലാല്‍ മലയാളത്തില്‍ എഴുതിയെടുത്താണ് പഠിച്ചത്. ഈ ഡയലോഗുകളൊക്കെ ലൈറ്റ് ബോയ്സിനോട് പറയുമായിരുന്നു. അവര്‍ ചിരിക്കുകയോ കണ്ണ് ചിമ്മിക്കുകയോ ചെയ്താല്‍ ലാലിന് മനസിലാകും തെറ്റായിട്ടാണ് പറയുന്നത്. അങ്ങനെ അത് തിരുത്തുമായിരുന്നുവെന്നും ഗിരിരാജ് പറയുന്നു. 
 
ഇതാദ്യമായാണ് ലാല്‍ ഒരു കന്നഡ പടത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. മുമ്പ് കന്നഡ ചിത്രത്തില്‍ ലാല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഡബ്ബ് ചെയ്തിട്ടില്ല. ഇപ്രാവശ്യം ലാല്‍ തന്നെ ഡബ്ബ് ചെയ്തോളാമെന്ന് പറയുകയായിരുന്നുവത്രേ. ലാലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്നും ഗിരിരാജ് പറയുന്നു. 
 
മൈത്രിയില്‍ ഡിആര്‍ഡിഒ എഞ്ചിനീയറായ മഹാദേവ് ഗോഡ്കെ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ചിത്രത്തില്‍ ഭാവനയും ഒരു പ്രധാനവേഷത്തിലെത്തുന്നു. കുട്ടികളുടെ അവകാശവും സാ‍മൂഹിക പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 
 

വെബ്ദുനിയ വായിക്കുക