അടുത്തിടെ വിജയ്‌യുടെ ഗില്ലി, സച്ചിൻ എന്നീ സിനിമകൾ റീ റിലീസ് ആയിരുന്നു. അടുത്തത് മെർസൽ ആണ്. വിജയ്‌യുടെ പിറന്നാൾ ദിനമായ ജൂൺ 20 ന് സിനിമ വീണ്ടും തിയേറ്ററിൽ എത്തിക്കാനുള്ള പരിപാടിയാണ് ആരാധകർ. 2017 ൽ അറ്റ്ലീയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത സിനിമയാണ് മെർസൽ. എ ആർ റഹ്‌മാൻ ആയിരുന്നു സിനിമയ്ക്ക് സംഗീതം നൽകിയിരുന്നത്. വിജയ് ട്രിപ്പിള്‍ റോളിലെത്തിയ ചിത്രം കൂടിയാണിത്.
അവയവക്കച്ചവടത്തിന്റെയും പണത്തിന്റെയും പുറകെ പോകുന്ന സ്വകാര്യ ആശുപത്രി രംഗത്തെ അഴിമതിയും അനീതിയുമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങളുടെ പേരിൽ ബിജെപിയുടെ എതിർപ്പിനിരയായ ചിത്രം കൂടിയാണ് മെർസൽ. ചരക്ക് നികുതി, ജിഎസ്ടി ഉൾപ്പെടെ കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. ഇത് പിന്നീട് റീ സെൻസർ ചെയ്തിരുന്നു.
120 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. തിയേറ്ററിൽ നിന്നും ചിത്രം ഏകദേശം 260 കോടി രൂപയാണ് കളക്ട് ചെയ്തത്. വിജയ്‍യുടെ റിപ്പീറ്റ് വാല്യുവുള്ള ഒരു ചിത്രമായിട്ടാണ് മെര്‍സലിനെ കണക്കാക്കുന്നതും. റീ റിലീസിനെത്തിയ വിജയ് ചിത്രം ഗില്ലി 32 കോടിയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. സച്ചിനും തിയേറ്ററിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു. ഈ രണ്ടു ചിത്രങ്ങളെയും മറികടന്ന് മെർസൽ തിയേറ്ററിൽ കത്തിക്കയറുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.