സിനിമയില്‍ സജീവമാകുന്നതിനു മുന്‍പാണ് മമ്മൂട്ടിയുടെ വിവാഹം നടന്നത്. അന്ന് അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു മമ്മൂട്ടി. നാട്ടുനടപ്പ് പ്രകാരമായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം. സുലുവിനെ താന്‍ ആദ്യമായി കാണുന്നത് പെണ്ണുകാണാന്‍ പോയപ്പോള്‍ ആണെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് പെണ്ണുകാണല്‍ കഴിഞ്ഞതിനു ശേഷം മൂന്നാമതായാണ് സുലുവിനെ മമ്മൂട്ടി കാണുന്നത്. മമ്മൂട്ടിക്ക് സുല്‍ഫത്തിനെ ഇഷ്ടമായി. മമ്മൂട്ടിയുടെ ബാപ്പയും ഉമ്മയും യെസ് മൂളി. അങ്ങനെ സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതസഖിയായി. അന്ന് സുല്‍ഫത്ത് പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴാം ദിവസമാണ് മമ്മൂട്ടി സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യാന്‍ പോകുന്നത്. അതിനു മുന്‍പ് ചെയ്ത സിനിമകളിലെല്ലാം ചെറിയ വേഷമായിരുന്നു. അഭിനയത്തോടൊപ്പം ആദ്യമൊക്കെ വക്കീല്‍ പണിയും കൊണ്ടുപോയി. പൂര്‍ണമായി സിനിമയില്‍ സജീവമാകുന്നത് ഏതാണ്ട് ഒന്നരവര്‍ഷം കഴിഞ്ഞാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.