Mammootty: മമ്മൂട്ടിയുടെ വരവ് സെപ്റ്റംബര്‍ അവസാനം; ഇപ്പോള്‍ ശാരീരിക വ്യായമത്തിനു പ്രാധാന്യം

രേണുക വേണു

തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (08:32 IST)
Mammootty: അസുഖം മാറി മലയാള സിനിമയിലേക്ക് തിരിച്ചെത്താന്‍ പോകുന്ന മമ്മൂട്ടി കേരളത്തിലെത്തുക സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യ വാരമോ ആയിരിക്കും. ഇന്നലെ (സെപ്റ്റംബര്‍ ഏഴ്) മമ്മൂട്ടിയുടെ 74-ാം ജന്മദിനം ആയിരുന്നു. പിറന്നാള്‍ ആഘോഷത്തിനു മമ്മൂട്ടി കൊച്ചിയിലുണ്ടാകുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരം. എന്നാല്‍ കുറച്ചുദിവസം കൂടി വിശ്രമം അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മമ്മൂട്ടി ചെന്നൈയില്‍ തുടരുന്നത്. 
 
ആറ് മാസത്തോളമായി മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. കുടല്‍ സംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു. ഈ കാലയളവില്‍ കുടുംബസമേതം ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം. അസുഖം പൂര്‍ണമായി മാറിയതായി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. 
 
സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യവാരമോ കേരളത്തിലെത്തുന്ന മമ്മൂട്ടി റിലീസിനൊരുങ്ങുന്ന 'കളങ്കാവല്‍' എന്ന ചിത്രത്തിന്റെ ശേഷിക്കുന്ന ഡബ്ബിങ് ആദ്യം പൂര്‍ത്തിയാക്കും. അതിനുശേഷം മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കും. ഈ സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നില്‍ക്കെയാണ് മമ്മൂട്ടി അസുഖബാധിതനായത്. മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷമേ പുതിയ പ്രൊജക്ടുകളിലേക്ക് പ്രവേശിക്കൂ. 


അസുഖം പൂര്‍ണമായി മാറിയതിനു ശേഷം ശാരീരിക വ്യായാമത്തിനു പ്രാധാന്യം നല്‍കുകയാണ് താരം. ദിവസവും രാവിലെ നടക്കാന്‍ പോകുന്നതിനൊപ്പം വീടിനുള്ളില്‍ ചെറിയ കാര്‍ഡിയോ വ്യായാമങ്ങളും ചെയ്തു തുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ഫുഡ് ഡയറ്റും താരം തുടരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍