സിനിമയിൽ നിങ്ങൾ കുറച്ചുകൂടി വേണ്ടതായിരുന്നു, ഭാര്യയുടെ ആഗ്രഹം, കണ്ണുകൾ നിറഞ്ഞ ആ നിമിഷത്തെക്കുറിച്ച് നടൻ കണ്ണൻ സാഗർ

കെ ആര്‍ അനൂപ്

വ്യാഴം, 6 ഒക്‌ടോബര്‍ 2022 (09:16 IST)
ജിബു ജേക്കബ് സംവിധാനം ചെയ്ത സുരേഷ് ഗോപിയുടെ 'മേ ഹും മൂസ' എന്ന ചിത്രത്തിൽ നടൻ കണ്ണൻ സാഗറും അഭിനയിച്ചിരുന്നു.പതിനൊന്നു ദിവസം ചിത്രീകരണത്തിന്റെ ഭാഗമായ നടൻ ബാർബർ ഷോപ്പ് നടത്തുന്ന ഒരാളായി ചിത്രത്തിൽ വേഷമിടുന്നു. താൻ അഭിനയിച്ച സിനിമ കുടുംബത്തോടൊപ്പം പോയി കാണാനായി സന്തോഷത്തിലാണ് നടൻ.
 
 
കണ്ണൻ സാഗറിന്റെ വാക്കുകളിലേക്ക് 
 
ഞങ്ങൾ കുടുംബമായി പോയി കണ്ടു ' മേ ഹും മൂസാ ', ഭാര്യയുടേയും മക്കളുടെയും അഭിപ്രായം എന്തെന്ന ചോദ്യം, നന്നായി ആസ്വദിച്ചു എന്ന മറുപടി...
 
സിനിമയിലെ എന്റെ രംഗപ്രവേശം എന്റെ മക്കളും ഭാര്യയും എങ്ങനെ ഏറ്റെടുക്കും എന്നൊരു ആശങ്കയും സംശയവും നിലനിന്നിരുന്നു കാരണം കുടുംബത്തിലെ നാഥൻ, അച്ഛൻ, ഭർത്താവ്, കർക്കശകാരൻ, കണിശകാരൻ, വീടിന്റെ വെളിച്ചം, വിളക്കിലെ തിരി,പോറ്റുന്നവൻ, കാക്കുന്നവൻ, നോക്കുന്നവൻ,അങ്ങനെ കുടുംബ പരിവേഷങ്ങൾ ഒരുപാടുചാർത്തി ഞെളിഞ്ഞും, ഒളിഞ്ഞും, നിവർന്നും നിൽക്കുന്ന കുടുംബത്തിന്റെ കാഴ്ചപാടിലുള്ള ഞാനെന്ന സങ്കല്പത്തെ ചില സമയങ്ങളിലും കഴിവുകളിലും, പ്രവർത്തികളിലും, പുറം ലോകത്തും എന്റെ പരിവേഷങ്ങൾക്ക് കുടുംബം എത്രമാത്രം വിലയിടുന്നെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചിലപ്പോൾ ഇതിലൂടെയോ ചെയ്യുന്ന തൊഴിലൂടെയോ ഒക്കെ തിരിച്ചറിയാൻ, അല്ലെങ്കിൽ വിലയിടാനും ഒക്കെ ഈ ചേർന്നു നിൽക്കുന്നവർക്ക് പറ്റും,..
 
മറ്റൊരു നോട്ടത്തിലോ പ്രവർത്തിയിലോ ഞാൻ ചെയ്യുന്ന തൊഴിലിൽ അവരെങ്ങനെയെന്നോ അറിയാൻ ഞാൻ ഒരുപാട് ശ്രമിക്കാറില്ല, കാരണം പേടിയാണ് സമീപനവും വാക്കുകളും എന്റെ കഴിവിലെ പോരായിമയും, അരങ്ങത്തെ പ്രകടനവും ഒക്കെ വിലയിരുത്തുക പ്രേക്ഷകർ പലരും പല രീതിയിലും വാക്കുകളിലും ആയിരിക്കും,
അത് ഉൾക്കൊണ്ടു തിരുത്തുകയോ, മാറി ചിന്തിക്കുകയോ, അനുഭാവപ്പൂർവ്വം സ്വീകരിക്കുകയോ ഒക്കെ ചെയ്യും, മുന്നോട്ടുള്ള ജീവിതത്തിൽ തിരുത്തലുകൾക്ക് ഒരു കലാകാരന് ഒരുപാട് കീഴ്‌പ്പെടണം മനസിലാക്കണം..
 
എന്നാൽ കുടുംബത്തിൽ നിന്നും ഇഷ്ട്ടമല്ലാത്ത ഒരുവാക്കു വരാൻ താല്പര്യമില്ലാത്ത, അച്ഛന് വേറെ പണിയില്ലേ എന്നൊരു ചോദ്യം വന്നാൽ പിന്നെ ഞാൻ ഈ ഭൂമുഖത്ത് ഉണ്ടാകേണ്ടവൻ അല്ല എന്ന ചിന്തയിലേക്ക് പോകും, കാരണം എന്നെ പ്രോത്സാഹിപ്പിക്കും കൂടെ നിൽക്കും എന്നു ഉറപ്പുള്ള സ്ഥലത്തുനിന്നും വേദനിപ്പിക്കുന്ന ഒരുവാക്ക് വന്നാൽ ഞാൻ തളർന്നു പോകും, ഞാനെന്നല്ല ഏതൊരു അച്ഛനും തളർന്നുപോകും,
ചെറിയതും അൽപ്പം വലുതുമായ പോരായ്മകൾ ആർക്കും ഉണ്ടാകും അത് പരിഹരിച്ചു പരസ്പരം മനസിലാക്കിയും, ഉള്ളതുകൊണ്ട് സന്തോഷമായി കഴിയുവാൻ പ്രാപ്തിഉണ്ടാകണേ എന്ന പ്രാർത്ഥനക്കൊപ്പം നിറമനസ്സാൽ അവരുടെയും പ്രോത്സാഹനത്തിൽ ഞാൻ അങ്ങനെ പോകുന്നു,
 
അവർ ഹാപ്പിയാണ് എന്നിൽ ഇനിയും നല്ല പ്രതീക്ഷയുണ്ട് അച്ഛൻ നന്നായി ഈ സിനിമയിൽ എന്ന മക്കളുടേയും, കുറച്ചുകൂടി വേണ്ടതായിരുന്നു എന്ന ഭാര്യയുടെയും വാക്കുകക്ക് അവർ കാണാതെ കണ്ണുകൾ നനഞ്ഞിറങ്ങി, എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട് വേണ്ടതും എന്റെ കുടുംബത്തിൽ നിന്നുമാണ് എന്ന ബോധമാരിക്കാം അതിനു കാരണം...
 
ഒത്തിരി ആർഭാടമല്ല എനിക്ക് വേണ്ടത്, ഇത്തിരി വേഷങ്ങളാണ്, ഓർക്കപ്പെടാനും കുറച്ചു കഴിവ് തെളിയിക്കാനുമായി, കാത്തിരുപ്പുകൾ കൂടെ പരമാവധി ശ്രമങ്ങളും തുടരും, പ്രിയപ്പെട്ടവരുടെ അനുഗ്രഹം മാത്രംമതി അത് വന്നുചേരാൻ, എന്റെ കുഞ്ഞു കുടുംബം എല്ലാവർക്കും എല്ലാറ്റിനും ഒരുപാട് നന്ദിയുള്ളവർ...
 
കുടുംബ സമേധം കണ്ടു ആസ്വദിക്കാൻ പറ്റിയ സിനിമയാണ് ഇത് സിനിമാശാലയിൽ തന്നെപ്പോയി കാണുക,
'മേ ഹും മൂസ'
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍