സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് നിരവധി നടിമാർ രംഗത്ത് വന്നിരുന്നു. നടി കല്‍ക്കി കേക്ലയ്ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി ദുരനുഭവം വെളിപ്പെടുത്തിയത്. ഇത്തരം അനുഭവങ്ങള്‍ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്താല്‍ അത് വലിയ മാനസികാഘാതം സൃഷ്ടിക്കുമെന്നാണ് കല്‍ക്കി പറയുന്നത്.
''ഞാന്‍ ഒരിക്കല്‍ കാന്‍സില്‍ പോയിരുന്നു. അന്ന് ഞാന്‍ നടിയായിട്ടില്ല. വിദ്യാര്‍ത്ഥി മാത്രമാണ്. നോക്കിയ ഫോണ്‍ വില്‍ക്കുന്ന പ്രൊമോ ഗേളായി ജോലി ചെയ്തിരുന്നു. ഒരു ഇന്ത്യന്‍ നിര്‍മാതാവ്, എന്റെ അമ്മയെ അറിയുന്നൊരാളുമായി അയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു, എന്നെ സിനിമയുടെ സ്‌ക്രീനിങിന് വിളിച്ചു. പിന്നീട് അയാള്‍ എന്നെ ഡിന്നറിന് ക്ഷണിച്ചു. അഭിനയിക്കാനുള്ള അവസരത്തെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അതിന് അയാളുടെ കൂടെ സമയം ചെലവിടണമെന്ന് അയാള്‍ പറഞ്ഞു'' എന്നാണ് കല്‍ക്കി പറയുന്നത്.
''ഒരിക്കല്‍ ഞാനൊരു സിനിമയുടെ ഓഡിഷന് പോയി. നിര്‍മാതാവ് എന്നോട് നിനക്ക് ഈ സിനിമ ചെയ്യണമോ എന്ന് ചോദിച്ചു. എങ്കില്‍ എനിക്ക് നിന്നെ അടുത്തറിയണം, കാരണം ഇതൊരു വലിയ ലോഞ്ച് ആണെന്ന് അയാള്‍ പറഞ്ഞു. വരൂ, ഡിന്നറിന് പോകാം എന്നതു തന്നെ. ക്ഷമിക്കണം, നിങ്ങളുടേയും എന്റേയും സമയം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞു'' എന്നാണ് കല്‍ക്കി പറയുന്നത്.