ഇരുപത്തിയേഴാമത് ഐഎഫ്എഫ്‌കെ ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 നവം‌ബര്‍ 2022 (08:20 IST)
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27 മത് ഐ എഫ് എഫ് കെ യുടെ വിജയകരമായ നടത്തിപ്പിനായുള്ള  സംഘാടക സമിതി രൂപീകരിച്ചു. ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്‌സിലെ ഒളിമ്പിയാ ഹാളില്‍ നടന്ന യോഗം സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘടനം ചെയ്തു. മയക്കുമരുന്ന്, നരബലി, പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ തുടങ്ങിയ സമീപകാല സംഭവ വികാസങ്ങള്‍ ആധുനിക കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തെ അപകടപ്പെടുത്തുകയാണ്. ഈ സാംസ്‌കാരിക അപചയത്തിനെതിരെ പ്രതികരിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സന്നദ്ധരാകണം എന്ന് മന്ത്രി  ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി 27മത് ഐ എഫ് എഫ് കെയുടെ ലോഗോ പ്രകാശനം ചെയ്തു.
 
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിയെയാണ് 27മത് ഐ എഫ് എഫ് കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി ആദരിക്കുന്നത് എന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കൂടിയായ രഞ്ജിത്ത് പ്രഖ്യാപിച്ചു. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്ക് എതിരെ ശക്തമായി നിലകൊള്ളുന്ന നിര്‍ഭയരായ ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിക്കുന്നതിന് വേണ്ടിയാണ് ഐ എഫ് എഫ് കെ യില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്  ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന മഹ്നാസിനെ ഇറാന്‍ ഭരണകൂടം നിരവധി തവണ തുറങ്കിലടക്കുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍