മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനായി എത്തിയ ചിത്രം ശിവഭക്തന്റെ കഥയാണ് പറയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ഹൈപ്പുകൾക്കും ഒടുവിൽ കണ്ണപ്പ ഇന്ന് തിയറ്ററുകളിൽ എത്തി. മോഹൻലാലിനെ കൂടാതെ, അക്ഷയ് കുമാറും പ്രഭാസും അതിഥി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിഷ്ണു മഞ്ചുവിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്ന് പറയുന്നതിനൊപ്പം പ്രഭാസ്, അക്ഷയ് കുമാർ, മോഹൻലാൽ എന്നിവരുടെ പ്രകടനം പ്രേക്ഷക മനസിനെ നിറവുള്ളതാക്കിയെന്നും പറയുന്നു. പ്രഭാസ് സിനിമയ്ക്ക് വലിയ മുതൽകൂട്ടാകുമെന്നാണ് ഇവർ പറയുന്നത്. മോഹൻലാലിന്റെ എൻട്രിയിൽ തിയേറ്റർ കുലുങ്ങിയെന്നും സിനിമ മികച്ച ഒരു ദൃശ്യാനുഭവം തന്നെയാണെന്നും പ്രേക്ഷകർ പറയുന്നു.
അതേസമയം വലിയ പ്രതീക്ഷയോടെ പോയാല്‍ നിരാശരാകുമെന്നും ഒന്നും പ്രതീക്ഷിക്കാതെ പോയാല്‍ സിനിമ കണ്ടിരിക്കാമെന്ന് പറയുന്നവരുമുണ്ട്. 'പ്രഭാസിന്റെയും മോഹൻലാലിന്റേയും അതിഥി വേഷങ്ങൾ അതിശയിപ്പിച്ചു കളഞ്ഞു. പ്രത്യേകിച്ച് അവസാന 30 മിനിറ്റാണ് സിനിമയുടെ ഹൈലൈറ്റ്. ഈ അവസരത്തിലാണ് പ്രഭാസ് വരുന്നത്. നടന്റെ വരവോടെ സിനിമ വേറെ ലെവലിൽ എത്തി. പടത്തിന്റെ റേഞ്ച് തന്നെ മാറ്റിക്കളഞ്ഞു', ഒരാൾ എക്‌സിൽ കുറിച്ചു.