20 വര്‍ഷമായിട്ടും ആ കാര്യം ഇന്നും ഓര്‍ക്കുന്നുണ്ട്:ബ്ലെസ്സി

കെ ആര്‍ അനൂപ്

ശനി, 31 ഓഗസ്റ്റ് 2024 (08:19 IST)
കാഴ്ച, തന്മാത്ര, പളുങ്ക്, ഭ്രമരം, ആടുജീവിതം തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരെ മറ്റൊരു ചലച്ചിത്ര ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ സംവിധായകനാണ് ബ്ലെസ്സി. മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ നടന്മാരെ വേണ്ടവിധം ഉപയോഗിച്ച സംവിധായകനാണ് അദ്ദേഹം.ആടുജീവിതത്തിനുശേഷം ബ്ലസി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നുണ്ട്. ഇപ്പോഴിതാ തന്നെ ആദ്യ സിനിമ റിലീസ് ആയ ദിവസത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ബ്ലെസ്സി.
 
'കാഴ്ച ഇറങ്ങുന്ന ദിവസം ഞാന്‍ കുടുംബവുമായിട്ട് പരിമല പള്ളിയില്‍ ഇരിക്കുകയായിരുന്നു. അവിടെയിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. കാരണം 18 വര്‍ഷക്കാലം ഒരു ജോലിക്ക് വേണ്ടി കാത്തിരുന്നു. പലതും ചെയ്തിട്ടുണ്ട് ഞാന്‍. പക്ഷേ ആ ദിവസം തൊട്ട് സിനിമയായിരുന്നു എന്റെ ഉപജീവനം. 
 
 അതിനുമുമ്പ് എനിക്ക് ഒരു സംവിധായകന്‍ ആകാനുള്ള കഷ്ടപ്പാടുകളായിരുന്നു. പക്ഷേ ആ ദിവസം മുതല്‍ ഞാനൊരു സംവിധായകനായി മാറി. പിന്നീട് എനിക്ക് ജീവിക്കണമെങ്കില്‍ അല്ലെങ്കില്‍ സിനിമ തൊഴിലാക്കണമെങ്കില്‍ കാഴ്ചയുടെ വിജയം ആവശ്യമായിരുന്നു.പിന്നെ ഞാന്‍ വലിയൊരു വിജയം ആകുമെന്ന് കരുതിയെടുത്ത സിനിമയായിരുന്നില്ല കാഴ്ച. അന്ന് ഒരു കോടിയില്‍ താഴെ ബജറ്റ് വന്ന സിനിമയായിരുന്നു അത്. കാഴ്ചയുടെ ആദ്യദിവസം പരിമല പള്ളിയില്‍നിന്ന് എടത്വാ പള്ളിയില്‍ പോയി.
 
 പിന്നെ ഭക്ഷണമൊക്കെ കഴിച്ച് തിരിച്ചു മടങ്ങുമ്പോഴാണ് സംവിധായകന്‍ വി.എം വിനു കോഴിക്കോട് നിന്ന് എന്നെ വിളിക്കുന്നത്. എന്റെ നമ്പര്‍ കിട്ടാന്‍ ഞാന്‍ അന്ന് അങ്ങനെ ആരും അല്ലല്ലോ. എങ്കിലും വിനു വിളിക്കുന്നത് വിളിക്കുന്നതിന് മുമ്പ് ഇടയ്ക്ക് എന്നെ ചിലര്‍ വിളിച്ചിരുന്നു. പക്ഷേ അതിനെ വലിയ ഗൗരവമായിട്ട് എടുത്തില്ല. അന്ന് വിനു എന്നെ വിളിച്ചിട്ട് പറഞ്ഞത് 'നിന്റെ കവിളൊന്ന് കാണിക്ക് ഞാന്‍ ഒരു ഉമ്മ തരട്ടെ' എന്ന് പറഞ്ഞു. 20 വര്‍ഷമായിട്ടും ഞാന്‍ ആ കാര്യം ഇന്നും ഓര്‍ക്കുന്നുണ്ട്', ബ്ലെസ്സി പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍