ബാല ശാരീരികമായും മാനസികമായും ഉപദ്രവിച്ചു, ജാതകദോഷം പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്തില്ല: ഗുരുതര ആരോപണങ്ങളുമായി എലിസബത്ത്

അഭിറാം മനോഹർ

വെള്ളി, 21 ഫെബ്രുവരി 2025 (20:07 IST)
നടന്‍ ബാലയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ പങ്കാളിയായ ഡോ എലിസബത്ത് ഉദയന്‍. വ്യാജരേഖ നിര്‍മിച്ച് ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് മുന്‍ ഭാര്യ അമൃത സുരേഷ് കഴിഞ്ഞ ദിവസം പരാതി നല്‍കിയതിന് പിന്നാലെയാണ് എലിസബത്തും ബാലയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.തന്നെ മാനസികമായും ശാരീരികമായും ബാല ഉപദ്രവിച്ചെന്നാണ് എലിസബത്തിന്റെ ആരോപണം.
 
രണ്ടാഴ്ച മുന്‍പ് ബാലയും ഭാര്യ കോകിലയും ഒരു തമിഴ് യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഈ അഭിമുഖത്തിന് പിന്നാലെ ബാലയുടെ വിവാഹജീവിതത്തെ പറ്റി ആരാധകര്‍ കമന്റുകള്‍ ചെയ്തിരുന്നു. ഇതിലെ ഒരു കമന്റില്‍ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ രോഗിയായ ബാലയെ എലിസബത്ത് വശീകരിച്ചെന്ന് ആരോപണമുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് എലിസബത്ത് ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
 
ബാലയുടെ ഗുണ്ടകളെയും മുന്‍പ് ബാല നടത്തിയ ഭീഷണികളെ പറ്റിയും ഓര്‍ക്കുമ്പോള്‍ തനിക്കും തന്റെ കുടുംബത്തിനും ഇപ്പോഴും ഭയമുണ്ടെന്ന് പറഞ്ഞാണ് എലിസബത്തിന്റെ മറുപടി. ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് തന്നെ അയാള് മറ്റ് സ്ത്രീകള്‍ക്ക് അയച്ച മെസേജുകളും ശബ്ദസന്ദേശങ്ങളും ഇപ്പോഴും എന്റെ കയ്യിലുണ്ട്. അയാള്‍ എങ്ങനെ വീണ്ടും വിവാഹം കഴിച്ചെന്ന് അറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി എന്നെ അയാള്‍ വിവാഹമാല അണിയിച്ചിരുന്നു. വിവാഹം പോലീസിന് മുന്നില്‍ വെച്ചാണ് നടത്തിയത്. ജാതകത്തിലെ പ്രശ്‌നങ്ങള്‍ കാരണം 41 വയസ് കഴിഞ്ഞ് മാത്രമെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകു എന്നാണ് അയാളും അയാളുടെ അമ്മയും പറഞ്ഞതെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടും പരാതി നല്‍കാതിരുന്നത് ബാലയുടെ ഗുണ്ടകളെ ഭയന്നാണെന്നും എന്നാല്‍ ഇത് തുടരുകയാണെങ്കില്‍ വഞ്ചനയ്ക്കും ബ്ലാക്ക്‌മെയില്‍ ചെയ്തതിനും അടക്കം താന്‍ പരാതി നല്‍കുമെന്നും എലിസബത്ത് പറയുന്നു.
 
 തനിക്കെതിരെ വന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് എലിസബത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. പിന്നാലെ താന്‍ നല്‍കിയ മറുപടിക്കൊപ്പം ചെറിയ കുറിപ്പും എലിസബത്ത് പങ്കുവെച്ചിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് ഈ കുറിപ്പില്‍ ബാലയ്‌ക്കെതിരെയുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍