ഹാസ്യത്തിന്റെ ഗോഡ് ഫാദര്‍ വിടപറഞ്ഞു, ഹാസ്യ സിനിമകള്‍ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന സംവിധായകന്‍

ചൊവ്വ, 8 ഓഗസ്റ്റ് 2023 (21:51 IST)
സംവിധായകന്‍ സിദ്ദിഖ്(63) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധിച്ചു. അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതമുണ്ടായ്യി. ഇതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
 
മിമിക്രി വേദികളില്‍ സ്‌കിറ്റുകളില്‍ നിന്നും സിനിമയിലേക്കും പിന്നീട് ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകനുമായി സിദ്ദിഖ് വളര്‍ന്നത് മലയാള സിനിമയുടെ അഭിമാനമായാണ്. 1960 ഓഗസ്റ്റ് 1ന് ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായിട്ടായിരുന്നു സിദ്ദിഖിന്റെ കനനം. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താത്പര്യം. ഇതേ തുടര്‍ന്ന് ചെറിയ പ്രായത്തില്‍ തന്നെ സിദ്ദിഖ് കലാഭവനിലെത്തി. മിമിക്രിയും സ്‌കിറ്റുമായി നടന്ന സിദ്ദിഖിനെ സംവിധായകന്‍ ഫാസില്‍ കണ്ടുമുട്ടുന്നതും കൂടെ കൂട്ടുന്നതും കലാഭവനിലെ പ്രകടനങ്ങള്‍ കണ്ടുകൊണ്ടാണ്.
 
ഇക്കാലയാളവില്‍ ഉറ്റസുഹൃത്തായ ലാലിനൊപ്പം ഫാസിലിന്റെ അസിസ്റ്റന്റായി ചേര്‍ന്ന സിദ്ദിഖ് 1986ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തുക്കളായി സിനിമയിലെത്തി. സ്വതന്ത്രസംവിധായകരായി സിദ്ദിഖ് ലാല്‍ തുടക്കം കുറിച്ചത് 1989ല്‍ പുറത്തിറങ്ങിയ റാംജിറാവി സ്പീക്കിംഗ് എന്ന സിനിമയിലൂടെയായിരുന്നു. റാംജിറാവു സ്പീക്കിംഗിന്റെ വന്‍ വിജയത്തെ തുടര്‍ന്നിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍,ഗോഡ് ഫാദര്‍,വിയറ്റ്‌നാം കോളനി എന്നീ സിനിമകളെല്ലാം വന്‍ വിജയങ്ങളായിരുന്നു. എന്നാല്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സിനിമയ്ക്ക് ശേഷം സിദ്ദിഖ് ലാല്‍ സഖ്യം വേര്‍പിരിയുകയും സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി മാറുകയും ചെയ്തു.
 
മലയാളസിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമെന്ന റെക്കോര്‍ഡ് സിദ്ദിഖ് ലാലിന്റെ ഗോഡ് ഫാദര്‍ എന്ന സിനിമയ്ക്കാണ്. മാന്നാര്‍ മത്തായിക്ക് ശേഷം ചെയ്ത കാബൂളിവാല,ഹിറ്റ്‌ലര്‍,ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങളെല്ലാം തുടര്‍ന്ന് വന്‍ വിജയങ്ങളായി. സിദ്ദിഖ് ചിത്രങ്ങളായ ഫ്രണ്ട്‌സ്, ബോഡി ഗാര്‍ഡ് എന്നീ ചിത്രങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ റീമേയ്ക്ക് ചെയ്യപ്പെടുകയും വന്‍ വിജയങ്ങളാവുകയും ചെയ്തു.
 
അവസാന കാലത്തായി ചെയ്ത ചിത്രങ്ങളില്‍ പലതും പരാജയപ്പെട്ടെങ്കിലും മലയാള സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംവിധായകരില്‍ ഒരാളായാണ് സിദ്ദിഖ് തിരശ്ശീലയില്‍ നിന്നും മായുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍