പവനായിയെന്ന കൊടൂര വില്ലന് നിന്നനിൽപ്പിൽ മറ്റുള്ളവരെ പേടിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. അത്രയ്ക്ക് ഹൈപ്പിലായിരുന്നു പവനായിയുടെ ഓരോ സീനും. എന്നാൽ, ദാസാ.. ഏതാണീ അലവലാതി എന്ന ഒരൊറ്റ ഡയലോഗ് കൊണ്ട് ശ്രീനിവാസൻ തകർത്ത് കളഞ്ഞത് പവനായി എന്ന പ്രൊഫഷണൽ കില്ലറെ ആയിരുന്നു.
നാടോടിക്കാറ്റിലെ ദാസനും വിജയനും പക്ഷേ പവനായിയുടെ കൈകൊണ്ട് മരിച്ചില്ല.
മിസ്റ്റര്‍ ഞാന്‍ അലവലാതിയല്ല, എന്ന ഡയലോഗോടെ കില്ലര്‍ പവനായി തനി പി.വി. നാരായണനായി മാറിയത് പെട്ടന്നായിരുന്നു. അതുവരെ പ്രേക്ഷകർ കാണാത്തൊരു പ്രൊഫഷണൽ കില്ലറെയായിരുന്നു മലയാളികൾ പിന്നെ കണ്ടത്. ക്യാപ്റ്റൻ രാജു ഇന്നോളം കാണാത്ത ചിരിപ്പിക്കുന്ന കഥാപാത്രമായി മാറുകയായിരുന്നു പിന്നീട്.
ഇന്ന്, അദ്ദേഹത്തിന്റെ വേർപാടിൽ പവനായിയെ പോലെ, അരിങ്ങോടരെ പോലെ ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്ത ഒത്തിരി കഥാപാത്രത്തെ നാം ഓർത്ത് പോകുന്നു. നടി ശ്രീവിദ്യയാണ് ക്യാപ്റ്റന്‍ രാജുവിനെ സിനിമയിലെത്തിച്ചത്. ശ്രീവിദ്യയുടെ നിര്‍ദേശപ്രകാരമാണ് ജോഷി "രക്തം' എന്ന ചിത്രത്തിലേയ്ക്ക് ക്യാപ്റ്റനെ വിളിക്കുന്നത്.
അതിരാത്രം, രതിലയം, വാര്‍ത്ത, ആവനാഴി, നാടോടിക്കാറ്റ്, ഓഗസ്റ്റ് 1, വടക്കന്‍ വീരഗാഥ, കാബൂളിവാല, അഗ്നിദേവന്‍, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങി അനേകം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും തിളങ്ങി.