ഒരു അവാര്‍ഡ് ബിന്ദു പണിക്കര്‍ അര്‍ഹിച്ചിരുന്നു; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി റോഷാക്കിലെ കഥാപാത്രം

ശനി, 22 ജൂലൈ 2023 (07:32 IST)
ബിന്ദു പണിക്കരെ സംസ്ഥാന അവാര്‍ഡില്‍ പരിഗണിക്കാതിരുന്നത് ശരിയായില്ലെന്ന് സോഷ്യല്‍ മീഡിയ. റോഷാക്ക് സിനിമയില്‍ ഗംഭീര പ്രകടനമാണ് ബിന്ദു പണിക്കര്‍ കാഴ്ചവെച്ചത്. മികച്ച നടിക്കുള്ള കാറ്റഗറിയിലോ മികച്ച രണ്ടാമത്തെ നടിക്കുള്ള കാറ്റഗറിയിലോ അവാര്‍ഡ് ലഭിക്കാന്‍ ബിന്ദു പണിക്കര്‍ക്ക് അര്‍ഹതയുണ്ട്. എന്നിട്ടും താരത്തെ ജൂറി തഴയുകയായിരുന്നെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
 
സീത എന്ന കഥാപാത്രത്തെയാണ് ബിന്ദു പണിക്കര്‍ റോഷാക്കില്‍ അവതരിപ്പിച്ചത്. നെഗറ്റീവ് ഷെയ്ഡുള്ള ഈ കഥാപാത്രം സിനിമ റിലീസ് ചെയ്ത സമയത്ത് തന്നെ വലിയ ചര്‍ച്ചയായിരുന്നു. സംസ്ഥാന അവാര്‍ഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ബിന്ദു പണിക്കരെ മികച്ച നടിക്കായി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോയ വര്‍ഷത്തെ നടിമാരുടെ മികച്ച പ്രകടനം പരിഗണിച്ചാല്‍ അതില്‍ ഒന്നാം സ്ഥാനത്ത് ബിന്ദു പണിക്കരുടെ റോഷാക്കിലെ കഥാപാത്രമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. 
 
വളരെ വ്യത്യസ്തമായ ഷെയ്ഡിലുള്ള കഥാപാത്രമാണ് ബിന്ദു പണിക്കരുടേത്. ഒരേസമയം വളരെ സൈലന്റ് ആയ കഥാപാത്രമായും ലൗഡ് ആയ കഥാപാത്രമായും തകര്‍ത്തഭിനയിക്കുന്നുണ്ട് ബിന്ദു പണിക്കര്‍. ക്ലൈമാക്സിനോട് അടുത്ത സീനുകളിലെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട് ബിന്ദു പണിക്കര്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍