സൂപ്പർ താരം രജനികാന്ത് വിശ്രമത്തിലാണ്. അടുത്തിടെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പുതിയ ചിത്രമായ അണ്ണാത്തെയുടെ ബാക്കിയുള്ള ഷൂട്ടിംഗ് എന്ന് തുടങ്ങാന്‍ കഴിയുമെന്നതില്‍ അവ്യക്‍തത നിലനില്‍ക്കുകയാണ്. പുതിയ വാര്‍ത്ത, രജനികാന്തിനെ സംവിധായകൻ ശിവ ചെന്നൈയിലെ വസതിയിൽ സന്ദർശിച്ചു എന്നതാണ്. 'അണ്ണാത്തെ' മെയ് മാസത്തിനുശേഷം ചിത്രീകരണം പുനരാരംഭിക്കാൻ തീരുമാനിച്ചതായാണ് സൂചന.
ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിയിൽ അണിയറ പ്രവർത്തകർ സെറ്റുകൾ ഒരുക്കിയിരുന്നു. എന്നാൽ ചിത്രീകരണ സംഘത്തിലെ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് രജനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് നിലവിൽ ഷൂട്ടിംഗ് വൈകുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന അണ്ണാത്തെ ഒരു ഫാമിലി എന്റർടെയ്‌നറാണ്.