താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ എറണാകുളത്തുവെച്ച് നടക്കും. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഒഴിവാക്കാനാണ് ശ്രമം. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് ലഭിക്കുന്ന വിവരം. പ്രസിഡന്റ് ആയി മോഹൻലാൽ തന്നെ മതിയെന്ന തീരുമാനത്തിലാണ് അഡ്ഹോക്ക് കമ്മിറ്റി. അഡ്ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ എടുത്ത തീരുമാനങ്ങളും നാളെ ജനറൽ ബോഡിയിൽ അവതരിപ്പിക്കും.
ജനറൽ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവർ രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ നാളെ കണ്ടെത്തും. ബാബുരാജിനെ ജനറൽ സെക്രട്ടറി ആക്കുന്ന കാര്യവും നാളെ ചേരുന്ന ജനറൽ ബോഡി ചർച്ച ചെയ്യും. ട്രഷറർ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു താരം എത്തുമെന്നാണ് റിപ്പോർട്ട്. ആസിഫ് അലിയെയോ കുഞ്ചാക്കോ ബോബനെയോ ട്രഷറർ സ്ഥാനത്തേക്ക് കൈപ്പിടിച്ചുയർത്തുമെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.