സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റ്. ആലുവയിലെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്നും 2019ലാണ് സംഭവം നടന്നതെന്നും നടി വെളിപ്പെടുത്തി. അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിന് പകരമായി ബാബുരാജിനെ പരിഗണിക്കുന്നതിനിടെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
നേരത്തെ കൊച്ചി ഡിസിപിയായിരുന്ന നിലവിലെ മലപ്പുറം എസ്പി എസ് ശശിധരനോട് പരാതി പറഞ്ഞിരുന്നുവെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മോശമായി പെരുമാറിയെന്നും പെണ്‍കുട്ടി പറഞ്ഞു. നിലവില്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് നടന്‍ ബാബുരാജ്. നാടകപ്രവര്‍ത്തക കൂടിയായ നടി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. സിനിമയില്‍ അവസരമുണ്ടെന്നും അണിയറപ്രവര്‍ത്തകരെല്ലാം തന്റെ വീട്ടിലുണ്ടെന്നും പറഞ്ഞാണ് ബാബുരാജ് തന്നെ വീട്ടിലേക്ക് വിളിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു.