Actor mamukkoya passes away: കോഴിക്കോടിൻ്റെ നിറഞ്ഞ ചിരി ഇനിയില്ല, നടൻ മാമുക്കോയ വിടവാങ്ങി

ബുധന്‍, 26 ഏപ്രില്‍ 2023 (13:46 IST)
നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ് ദിവസം മുതൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോടൻ ഭാഷയിൽ സ്വാഭാവിക നർമ്മം കൈകാര്യം ചെയ്തിരുന്ന താരം മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു. കെടി മുഹമ്മദ്,തിക്കോടിയൻ, വൈക്കം മുഹമ്മദ് ബഷീർ എന്നിങ്ങനെ കേരളത്തിൻ്റെ മനസിലേക്ക് തുന്നിചേർത്ത പ്രതിഭകൾക്ക് ഒപ്പമായിരുന്നു മാമുക്കോയയുടെയും വളർച്ച.
 
 
 കെടി മുഹമ്മദ് മലയാളക്കരയെ നാടകം കൊണ്ട് ഇളക്കിമറിക്കുന്ന കാലത്തിൽ മാമുക്കോയയും നാടകരംഗത്തെത്തി. 1979ൽ അന്യരുടെ ഭൂമി എന്ന സിനിമയിൽ ചെറിയ വേഷമിട്ട മാമുക്കോയ 1982ൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശുപാർശപ്രകാരമാണ് വീണ്ടും സിനിമയിലെത്തുന്നത്. സുറുമയിട്ട കണ്ണുകൾ എന്ന ഈ സിനിമയിലെ വേഷം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. 1986ൽ സിബി മലയിലിൻ്റെ ദൂരെ ദൂരെ കൂടുകൂട്ടാം എന്ന സിനിമയിലെ ചെറിയ വേഷമാണ് മാമുക്കോയയെ ശ്രദ്ധേയനാക്കിയത്.
 
തനി കോഴിക്കോടൻ ഭാഷയിൽ നിറയെ കൗണ്ടറുകളും സ്വതസിദ്ധമായ ഹാസ്യവുമുള്ള നടനെ മലയാള സിനിമ പെട്ടെന്ന് തന്നെ സ്വീകരിച്ചു. ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ സിനിമകളിലൂടെ വേഗം തന്നെ മാമുക്കോയ മലയാള സിനിമയിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മാറി. സ്ഥിരം തമാശ റോളുകളിൽ നിന്നും മാറി പെരുമഴക്കാലത്തിലെയും മറ്റും കഥാപാത്രങ്ങൾ നടനെന്ന നിലയിലും മാമുക്കോയയെ രേഖപ്പെടുത്തി.
 
ഇക്കാലമത്രയും നീണ്ട സിനിമാ ജീവിതത്തിൽ 250ലേറെ കഥാപാത്രങ്ങൾക്ക് മാമുക്കോയ ജീവൻ നൽകി. കഥാപാത്രം ഏത് നാട്ടിലാണെങ്കിലും കോഴിക്കോടൻ ശൈലിയിൽ സംഭാഷണങ്ങൾ പറയുന്നു എന്ന പരാതി പലപ്പോഴും കേട്ടിരുന്നുവെങ്കിലും മാമുക്കോയയ്ക്ക് മാത്രം അതിൽ ഒരു ഒഴിവ് മലയാളി എല്ലാ കാലവും കൊടുത്തിരുന്നു. മാമുക്കോയ വിടപറയുമ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണൻ, കുതിരവട്ടം പപ്പു തുടങ്ങിയ ഹാസ്യ സാമ്രാട്ടുകൾ ഇരുന്ന കസേരയിലെ മറ്റൊരംഗത്തെ കൂടിയാണ് മലയാളികൾക്ക് നഷ്ടമാകുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍