“സിബിഐ ആയി ഇനി എനിക്കൊന്നും ചെയ്യാനില്ല” - മമ്മൂട്ടി തുറന്നു പറഞ്ഞു!
വ്യാഴം, 21 നവംബര്‍ 2013 (14:25 IST)
PRO
സേതുരാമയ്യര്‍ എന്ന നായകകഥാപാത്രമായി മമ്മൂട്ടി അഭിനയിക്കുന്ന അഞ്ചാമത്തെ സി ബി ഐ ചിത്രം നടക്കില്ല. ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്‍മാറി. ഹാരി എന്ന സി ബി ഐ കഥാപാത്രമായി സുരേഷ്ഗോപി അഭിനയിക്കുന്ന പുതിയ സിനിമയാണ് കെ മധു അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്നത്. ഇക്കാര്യം തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി സ്ഥിരീകരിച്ചു.
സേതുരാമയ്യരായി ഒരിക്കല്‍ കൂടി അഭിനയിക്കുന്നതുകൊണ്ട് ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് മനസിലാക്കിയാണ് മമ്മൂട്ടി ഈ പ്രൊജകടില്‍ നിന്ന് പിന്‍മാറിയത്.
“ഈ വേഷം ഞാന്‍ ചെയ്താല്‍ പടം രക്ഷപ്പെടുമായിരിക്കും. പക്ഷേ ഒരു നടന്‍ എന്ന നിലയില്‍ എനിക്കിതില്‍ ഒന്നും ചെയ്യാനില്ല. ഹാരി ചെയ്താല്‍ നന്നായിരിക്കും” - ചിത്രത്തിന്‍റെ കഥ കേട്ട ശേഷം മമ്മൂട്ടി എസ് എന്‍ സ്വാമിയോട് പറഞ്ഞു. മംഗളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് എസ് എന്‍ സ്വാമി ഇക്കാര്യം വെളിപ്പെടുത്തുന്നത്.
“സുരേഷ്ഗോപിയാണ് നായകന്‍ എന്നതുകൊണ്ട് മാത്രം ഓവര്‍ ഡയലോഗൊന്നും പ്രതീക്ഷിക്കേണ്ട. പൊലീസ് കഥയുമല്ല. ആവശ്യമുള്ളിടത്ത് മാത്രം പഞ്ച് ഡയലോഗുകളുണ്ട്” - സേതുരാമയ്യര്‍ സസ്പെന്‍സിന്‍റെ ഒരംശം പുറത്തുവിടുന്നു.
സി ബി ഐ സീരീസിലെ ആദ്യ ചിത്രമായ ഒരു സി ബി ഐ ഡയറിക്കുറിപ്പില്‍ ഹാരി എന്ന കഥാപാത്രമായി സുരേഷ്ഗോപിയുണ്ടായിരുന്നു. പിന്നീട് വന്ന മൂന്ന് സി ബി ഐ ചിത്രങ്ങളിലും സുരേഷ്ഗോപി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മമ്മൂട്ടി സി ബി ഐ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് അറിയിച്ചതോടെ സേതുരാമയ്യരെ മാറ്റി ആ സ്ഥാനത്ത് ഹാരിയെ പ്രതിഷ്ഠിച്ച് എസ് എന്‍ സ്വാമി തിരക്കഥ മാറ്റിയെഴുതുകയായിരുന്നു. പുതിയ കഥ ചര്‍ച്ച ചെയ്തപ്പോള്‍ സുരേഷ്ഗോപിക്കും സമ്മതമായി.