‘ജനപ്രിയന്‍’ എന്ന ഹിറ്റ് ചിത്രം ഒരുക്കിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു സംവിധായകന്‍ ബോബന്‍ സാമുവല്‍. എങ്കിലും കുഞ്ചാക്കോ ബോബനും ബിജു മേനോനും തനിക്ക് ഡേറ്റ് തരുമോ എന്നൊരു ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ‘ജനപ്രിയന്‍’ എന്ന സിനിമ ഏറെ ഇഷ്ടപ്പെട്ടവരായിരുന്നു ബിജുവും ചാക്കോച്ചനും. അതുകൊണ്ടുതന്നെ ‘റോമന്‍സ്’ എന്ന പ്രൊജക്ടിന് അവര്‍ പെട്ടെന്നുതന്നെ ഡേറ്റ് നല്‍കി.
‘റോമന്‍സ്’ ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്ററാണ്. റിലീസായി ആദ്യ ആഴ്ചയില്‍ ചിത്രം നേടിയത് 4.40 കോടി രൂപ. മലയാളത്തില്‍ സൂപ്പര്‍താര സിനിമകള്‍ക്ക് പോലും പലപ്പോഴും അപ്രാപ്യമായ നേട്ടം. തിയേറ്ററുകളില്‍ നിന്നുമാത്രം ഇതുവരെ ചിത്രം 6.70 കോടി രൂപ നേടിക്കഴിഞ്ഞു. വൈ വി രാജേഷ് രചിച്ച ഈ സിനിമയ്ക്ക് ‘വീ ആര്‍ നോ ഏഞ്ചല്‍സ്’ എന്ന ഹോളിവുഡ് ചിത്രവുമായി സാമ്യമുണ്ടായിരുന്നെങ്കിലും പടം വന്‍ വിജയമായതോടെ വിമര്‍ശകര്‍ പോലും അതെല്ലാം മറന്നു.
ബോബന്‍ സാമുവലിന് ഡേറ്റ് നല്‍കാന്‍ ഇപ്പോള്‍ താരങ്ങളുടെ മത്സരമാണ്. ദിലീപിനെ നായകനാക്കിയാണ് ബോബന്‍ അടുത്ത ചിത്രം ഒരുക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ ബോബന്‍ സാമുവല്‍ ഒരുക്കമല്ല.
“ജനപ്രിയന്‍ കഴിഞ്ഞ് റോമന്‍സ് എടുക്കാന്‍ ഒന്നരവര്‍ഷത്തോളം സമയമെടുത്തു. എന്തായാലും അടുത്ത ചിത്രത്തിന് അത്രയും കാലതാമസമുണ്ടാകില്ല. ഒരു നല്ല തിരക്കഥയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. അക്കാര്യത്തിലൊന്നും തീരുമാനമാകാതെ താരങ്ങളെ പ്രഖ്യാപിക്കുന്നത് ശരിയല്ല” - ബോബന്‍ സാമുവല്‍ പറയുന്നു.