ഏറെ യാത്ര ചെയ്യുന്നവരുടെ ഉറക്കവും താമസവുമെല്ലാം ഹോട്ടലുകളിലായിരിക്കും. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് പറക്കുന്ന സിനിമാതാരങ്ങളുടെ കാര്യം പറയാനുമില്ല. വന്‍ തുക കൊടുത്തെടുത്ത ഹോട്ടല്‍ മുറികള്‍ ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങുന്നതാവണം എന്നുമില്ല.
എന്താണ് ഇതിനൊരു പരിഹാരം? ‘സ്വന്തമായൊരു ഹോംവാന്‍’ എന്ന് സുരേഷ്‌ഗോപി പറയും. കാരണം ഈ ഓണം തൊട്ട് സുരേഷ്‌ഗോപിയുടെ സഞ്ചാരം ഹോംവാനില്‍ ആയിരിക്കും. ലൊക്കേഷനുകളില്‍ ആയിരിക്കുമ്പോള്‍, അത്യാധുനിക വീടിന്റെ സൌകര്യങ്ങള്‍ എല്ലാം ഉള്ള ഹോംവാനിലാകും സുരേഷ്‌ഗോപിയുടെ താമസവും ഉറക്കവും.
തിരക്കിനിടയില്‍ പല സ്ഥലങ്ങളില്‍ താമസിക്കുമ്പോഴുളള ബുദ്ധിമുട്ട് ഒഴിവാക്കാനായി ഒരു ഹോംവാന്‍ നിര്‍മിക്കുകയായിരുന്നു സുരേഷ്‌ഗോപി. പാസഞ്ചര്‍ വാഹനത്തിന്റെ ബോഡി മാറ്റിപ്പണിതാണ് ഹോംവാന്‍ ആക്കിമാറ്റിയത്. കോതമംഗലത്തുള്ള ഓജസ് വര്‍ക്ക്‌ഷോപ്പിലാണ് ഈ വാന്‍ നിര്‍മിച്ചത്. ലക്ഷങ്ങളാണ് ‘റീവര്‍ക്കി’ന് ചെലവായത് എന്നറിയുന്നു.
കിടപ്പുമുറി, ഓഡിയോ കേള്‍ക്കാനും വീഡിയോ കാണാനുമുള്ള സൗകര്യം, കെമിക്കല്‍ ടോയ്‌ലറ്റ്, കുളിമുറി, ഫ്രിഡ്ജ്, ഓവന്‍, എ സി എന്നുതുടങ്ങി തുടങ്ങി ഒരു വീട്ടിലേക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്.
വാഹനം തുറക്കാനും അടക്കാനും സ്റ്റാര്‍ട്ടാക്കാനുമൊക്കെ റിമോട്ട് കണ്‍ട്രോളാണ് ഈ വാഹനത്തില്‍ ഉപയോഗിക്കുക. ലൈറ്റ് എമിറ്റിംഗ് ഡയോഡുകളാണ് ഹോംവാനില്‍ പ്രകാശം പരത്തുന്നത്. വാഹനത്തിന് മുന്നിലും പിന്നിലും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ മുന്നിലും പിന്നിലും നടക്കുന്നതെല്ലാം കിടപ്പുമുറിയിലുള്ള എല്‍ സി ഡി സ്‌ക്രീനില്‍ തെളിയും.
തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്തിനും കമലാഹാസനുമൊക്കെ കാരവന്‍ വിഭാഗത്തില്‍ പെട്ട ഹോംവാനുകള്‍ ഉണ്ട്. എന്നാല്‍ മലയാള സിനിമയില്‍ ആദ്യമായാണ് ഒരു താരം ഹോംവാന്‍ ഉപയോഗിക്കുന്നത്.