സംവിധായകന് ഒരു ‘ലുക്ക്’ ഇല്ലാത്തതിനാല്‍ സിനിമ ഒഴിവാക്കുന്നതിനെപ്പറ്റി ഏതെങ്കിലും താരങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകുമോ? മലയാളത്തില്‍ കാവ്യാ മാധവന്‍ അങ്ങനെ ചെയ്തിട്ടുണ്ടത്രേ!
സംവിധായകന്‍ ഡോ.ബിജു ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘സൈറ’ എന്ന തന്‍റെ ആദ്യ ചിത്രത്തില്‍ കാവ്യാ മാധവന്‍ അഭിനയിക്കാതിരുന്നത് തനിക്കൊരു ലുക്കില്ലാത്തതുകൊണ്ടാണെന്ന് ഡോ.ബിജു തുറന്നുപറയുന്നു.
“സൈറയിലെ ഒരു സീനില്‍ നായിക ഷര്‍ട്ട് അഴിക്കുന്ന ഒരു സീന്‍ ഉണ്ട്. അത് ചെയ്യാന്‍ ബുദ്ധിമുട്ടാണ്, തന്‍റെ ഇമേജിനെ ബാധിക്കുമെന്ന് കാവ്യ പറഞ്ഞു. ആ സീന്‍ ഒഴിവാക്കാമോ എന്ന് എന്നോട് ചോദിച്ചു. ആ സീന്‍ ഒഴിവാക്കിയാല്‍ പിന്നെ ആ സിനിമയുടെ കാമ്പ് നഷ്ടമാകും എന്ന് പറഞ്ഞുകൊണ്ട് ഞാനും കാവ്യയും അന്ന് സൌഹാര്‍ദ്ദപൂര്‍വം പിരിയുകയായിരുന്നു. പക്ഷേ, പിന്നീട് കാവ്യ എന്നോട് സത്യം പറഞ്ഞു. എന്നെ കണ്ടപ്പോള്‍ ഒരു ഡയറക്ടറുടെ ലുക്കില്ലാത്തതായിരുന്നു പ്രധാന കാരണം. ഇദ്ദേഹത്തിന് സിനിമ ചെയ്യാന്‍ പറ്റില്ല എന്നൊരു തെറ്റിദ്ധാരണയുടെ പുറത്താണ് അന്ന് ആ വേഷം ഉപേക്ഷിച്ചത് എന്ന് കാവ്യ തുറന്നുപറഞ്ഞു. നവ്യാനായര്‍ക്ക് എന്‍റെ ലുക്ക് ഒരു പ്രശ്നമായിരുന്നില്ല” - മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ഡോ.ബിജു പറയുന്നു.
അടുത്ത പേജില്‍ - ബിജുമേനോന് വേണ്ടി ഒരുദിവസം മുഴുവന്‍ കാറില്‍ കാത്തിരുന്നു!
ഡോ.ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ എന്ന സിനിമയില്‍ അഭിനയിച്ചതിന് സുരാജ് വെഞ്ഞാറമ്മൂടിന് ദേശീയ പുരസ്കാരം ലഭിച്ചു. സുരാജിനെ നിശ്ചയിക്കുന്നതിന് മുമ്പ് മറ്റ് ചില താരങ്ങളെയാണ് ഡോ.ബിജു ആ കഥാപാത്രം ചെയ്യാനായി സമീപിച്ചത്. അതില്‍ ഒരാള്‍ ബിജുമേനോന്‍ ആയിരുന്നു.
“പേരറിയാത്തവര്‍ എന്ന സിനിമയ്ക്കായി ബിജുമേനോന്‍ എന്നോട് സംസാരിക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ എറണാകുളത്ത് ചെന്നു. രാവിലെ അദ്ദേഹം പറഞ്ഞ സമയത്ത് ഒമ്പതുമണിക്ക് ചെന്നു. ഓരോരോ തിരക്കുകളില്‍ പെട്ടുപോയതുകൊണ്ടാവും രാത്രി പത്തര വരെ അദ്ദേഹത്തിന് എനിക്കൊന്ന് കാണുവാനുള്ള സമയം തരാന്‍ സാധിച്ചില്ല. ഞാന്‍ റോഡില്‍ ഒരു കാറില്‍ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. പത്തരയായപ്പോള്‍ എനിക്ക് മനസിലായി. അദ്ദേഹം എന്നെ കാണാന്‍ സാധ്യതയില്ല. അപ്പോള്‍ ഞാന്‍ തിരിച്ചുപോന്നു. വഴിയില്‍ അദ്ദേഹം എന്നെ വിളിച്ചു. സോറിയൊക്കെ പറഞ്ഞു. വേറെ ചില തിരക്കുകളില്‍ പെട്ടുപോയി, സ്ക്രിപ്റ്റൊന്ന് ഇമെയില്‍ ചെയ്യാമോ എന്ന് ചോദിച്ചു. ബുദ്ധിമുട്ടാണ്, നമ്മള്‍ ഈ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ് ഞാന്‍ തിരികെപ്പോയി” - മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ഡോ.ബിജു വെളിപ്പെടുത്തി.
അടുത്ത പേജില്‍ - സ്ക്രിപ്റ്റ് തിരികെത്തരാന്‍ ശ്രീനിവാസന്‍ കൂട്ടാക്കിയില്ല!
‘പേരറിയാത്തവര്‍’ എന്ന സിനിമയുടെ തിരക്കഥയുമായി ശ്രീനിവാസനെ കണ്ടപ്പോള്‍ ഉണ്ടായ അനുഭവവും മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ഡോ.ബിജു പറയുന്നു.
“ശ്രീനിവാസന്‍ ഈ പ്രൊജക്ടില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. സ്ക്രിപ്റ്റ് ആവശ്യപ്പെട്ടു. ഞാന്‍ സ്ക്രിപ്റ്റ് ഏല്‍പ്പിച്ചതിന് ശേഷം അദ്ദേഹത്തെ വിളിച്ചാല്‍ മൊബൈല്‍ എടുക്കുകയില്ല. ഒരിക്കല്‍ ഫോണെടുത്തപ്പോള്‍ സ്ക്രിപ്റ്റ് തിരികെ വേണമെന്ന് പറഞ്ഞു. പക്ഷേ, അദ്ദേഹം അത് തരാന്‍ കൂട്ടാക്കിയില്ല. അവസാനം സ്ക്രിപ്റ്റ് തന്നില്ലെങ്കില്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് ഒരു എസ് എം എസ് അയച്ചു. വൈകാതെ തപാലില്‍ സ്ക്രിപ്റ്റ് തിരികെയെത്തി” - ഡോ.ബിജു പറയുന്നു.