മലയാളത്തിന്റെ നടന വിസ്മയം, മഞ്ഞില്‍ വിരിഞ്ഞ താരരാജാവിന് ഇന്ന് പിറന്നാള്‍

ഞായര്‍, 21 മെയ് 2017 (10:42 IST)
മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. ജീവിതത്തില്‍ 57 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന് ആശംസ നേരുകയാണ് പ്രേക്ഷകരും സിനിമലോകവും. തങ്ങളുടെ താരരാജാവിന്റെ പിറന്നാള്‍ അദ്ദേഹത്തിന്റെ സിനിമകളെ പോലെതന്നെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കളും ആരാധകരും. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ നരസിംഹവും സ്ഫടികവും ഇന്നേദിവസം റീ റിലീസ് ചെയ്താണ് കേരളത്തിലെ തിയറ്ററുകള്‍ ആഘോഷിക്കുന്നത്‍. 
 
വില്ലനിലൂടെ വന്ന് മലയാളികളടക്കമുളള പ്രേക്ഷരുടെ മനസ്സില്‍ നായകനായ അപൂര്‍വ്വം നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. ആറാം തമ്പുരാനായും നരസിംഹമായും വെള്ളിത്തിരയിൽ ലാൽ ആടിത്തിമർക്കുമ്പോൾ മലയാളികൾ ആ താരത്തെ നെഞ്ചോട് ചേർക്കുകയായിരുന്നു.  മലയാള ചലച്ചിത്ര രംഗത്ത് മൂന്ന് പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമാണ് മോഹന്‍ലാല്‍. മലയാളിക്ക് സിനിമയിലൂടെ നിരവധി കഥാപാത്രങ്ങളെയും അഭിനയ മുഹൂര്‍ത്തങ്ങളെയും സമ്മാനിച്ചു.1960 മെയ് 21 ന് വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹന്‍ലാല്‍ ജനിച്ചത്.
 
നടനായും ഗായകനായും നിര്‍മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില്‍ ക്രിക്കറ്ററായുമൊക്കെ ലാല്‍ ആരാധകരെ വിസ്മയിപ്പിക്കുകയാണ് എപ്പോഴും. അദ്ദേഹമെന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഇനിയും നല്ല സിനിമകളിലൂടെ മികച്ച കഥാപാത്രത്തിലൂടെ ആരാധകരുടെ ഓർമയിൽ നിറഞ്ഞ് നിൽക്കട്ടെയെന്ന് ആശംസിക്കുന്നു.
 
ആശംസകള്‍ ചുവടെ... 

വെബ്ദുനിയ വായിക്കുക