മമ്മൂട്ടി വീണ്ടും ‘കുട്ടേട്ടന്‍’ !

ശനി, 19 നവം‌ബര്‍ 2011 (17:06 IST)
PRO
പെണ്‍കുട്ടികള്‍ എവിടെയുണ്ടോ അവിടെ വിഷ്ണുവുമുണ്ട്. ആള്‍ ഒരു പ്രേമരോഗിയാണ്. ‘വിഷ്ണു’ എന്നുപറഞ്ഞാല്‍ കക്ഷിയെ നിങ്ങള്‍ മനസിലാക്കണമെന്നില്ല. ‘കുട്ടേട്ടന്‍’ എന്നുപറഞ്ഞാലോ?

മമ്മൂട്ടി അവതരിപ്പിച്ച കുട്ടേട്ടനെ എങ്ങനെ മറക്കാനാകും, അല്ലേ? ലോഹിതദാസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ‘കുട്ടേട്ടന്‍’ 1990ല്‍ ആണ് റിലീസായത്. ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമയാണത്. മമ്മൂട്ടിയെ ഒരു ‘റോമിയോ’ അല്ലെങ്കില്‍ ‘കാസനോവ’യായി പ്രേക്ഷകര്‍ ആദ്യമായി കാണുകയായിരുന്നു കുട്ടേട്ടനിലൂടെ.

എന്നാലിതാ, മമ്മൂട്ടി വീണ്ടും ‘കുട്ടേട്ടന്‍’ ആകാന്‍ ഒരുങ്ങുകയാണ്. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ‘കള്ളക്കാമുകന്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പ്രേമപ്പനി പിടിച്ച നായകനാകുന്നത്. ഉദയ്കൃഷ്ണ - സിബി കെ തോമസിന്‍റേതാണ് തിരക്കഥ.

ജോണി ആന്‍റണി ഇപ്പോള്‍ ‘മാസ്റ്റേഴ്സ്’ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ്. മാസ്റ്റേഴ്സ് ഈ വര്‍ഷം അവസാനം റിലീസ് ചെയ്യും. അടുത്തവര്‍ഷം മധ്യത്തോടെയാണ് ‘കള്ളക്കാമുകന്‍’ ചിത്രീകരണം ആരംഭിക്കുന്നത്.

ഗ്യാലക്സി ഫിലിംസിന്‍റെ ബാനറില്‍ മിലന്‍ ജലീലാണ് ‘കള്ളക്കാമുകന്‍’ നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയും മിലന്‍ ജലീലും ജോണി ആന്‍റണിയും മുമ്പ് ഒരുമിച്ചപ്പോള്‍ ‘തുറുപ്പുഗുലാന്‍’ എന്ന മെഗാഹിറ്റുണ്ടായി. കള്ളക്കാമുകനും അതുകൊണ്ടുതന്നെ വലിയ വിജയപ്രതീക്ഷയുള്ള പ്രൊജക്ടായാണ് സിനിമാലോകം വിലയിരുത്തുന്നത്.

വെബ്ദുനിയ വായിക്കുക