മമ്മൂട്ടിയും ലാല്‍ ജോസും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. കമലിന്റെ സഹായിയായിരിക്കുമ്പൊഴേ ലാല്‍ ജോസ് മമ്മൂട്ടിയുമായി അടുത്തബന്ധം സ്ഥാപിച്ചതാണ്. ലാലുവിന്റെ ആദ്യചിത്രമായ മറവത്തൂര്‍ കനവില്‍ നായകന് മമ്മൂട്ടിയായിരുന്നു. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ‘പട്ടാളം’ എന്ന ചിത്രമൊരുക്കി. കേരളാ കഫെ സിനിമാപരമ്പരയില്‍ ‘പുറംകാഴ്ചകള്‍’ എന്ന ലഘുചിത്രത്തിന് വേണ്ടിയും മമ്മൂട്ടിയും ലാല്‍ ജോസും ഒന്നിച്ചു.
ഇപ്പോള്‍ മമ്മൂട്ടിക്ക് ക്ഷീണകാലമാണ്. എട്ട് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു നില്ക്കുന്നു. അതുകൊണ്ടുതന്നെ മലയാളത്തിലെ ഹിറ്റ്മേക്കേഴ്സുമായി ചേര്‍ന്ന് മുമ്പോട്ട് ചുവടുവയ്ക്കാനുള്ള തീരുമാനം മമ്മൂട്ടി കൈക്കൊണ്ടിട്ടുണ്ടെന്നാണ് സൂചന. അതിന്റെ ഭാഗമായി മമ്മൂട്ടി ഉടന്‍ രഞ്ജിത്തിന്റെ സിനിമയില്‍ അഭിനയിക്കും. ലാല്‍ ജോസും മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കുകയാണ്.
മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ഇമ്മാനുവല്‍’. വളരെ പ്രത്യേകതകളുള്ള ഒരു അച്ചായന് കഥാപാത്രമായിരിക്കും ഈ സിനിമയില്‍ മമ്മൂട്ടിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറവത്തൂര്‍ കനവിലെ ചാണ്ടിയെപ്പോലെ തികച്ചും വ്യത്യസ്തമായ ഒരു നസ്രാണിക്കഥാപാത്രമായിരിക്കും ഇമ്മാനുവലും. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംവിധായകനായി പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ലാല്‍ ജോസ് ഇതുവരെ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്തിട്ടില്ല. ‘കസിന്‍സ്’ എന്നൊരു പ്രൊജക്ട് ആലോചിച്ച ശേഷം പിന്നീട് ഉപേക്ഷിച്ചു. “ഒരു സിനിമയ്ക്ക്, ഒരു കഥാപാത്രത്തിന് മോഹന്‍ലാല്‍ അത്യാവശ്യമാണെന്ന് തോന്നുന്ന സമയത്ത് ആ സിനിമയുണ്ടാകും. ഏത് സമയത്തും അങ്ങനെ സംഭവിക്കാം. പക്ഷേ, നിലവില്‍ അങ്ങനെയുള്ള പദ്ധതികളൊന്നുമില്ല” - ലാല്‍ ജോസ് വ്യക്തമാക്കുന്നു.