ഭീഷ്മര്‍: മോഹന്‍ലാല്‍ 10 ഭാഷകള്‍ കൈകാര്യം ചെയ്യുന്ന കഥാപാത്രം!

വെള്ളി, 28 ജൂണ്‍ 2013 (18:20 IST)
PRO
ലോഹിതദാസ് മരിച്ചപ്പോള്‍ ഒപ്പം ഇല്ലാതായത് ഒരു മികച്ച സിനിമ കൂടിയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനിരുന്ന ‘ഭീഷ്‌മര്‍’. സിബി മലയില്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയാണത്. ലോഹിതദാസിന്‍റെ ഓര്‍മ്മകള്‍ക്ക് നാലുവയസ് തികയുമ്പോള്‍ ഏവരും അന്വേഷിക്കുന്ന ഒരുകാര്യം ഭീഷ്മരുടെ അവസ്ഥ എന്താണ് എന്നതാണ്. എന്നാല്‍ ഒരിക്കലും സംഭവിക്കാത്ത ഒരു സിനിമയായി അത് മാറിയിരിക്കുന്നു എന്നതാണ് സത്യം. ആ പ്രൊജക്ട് പുനരുജ്ജീവിപ്പിക്കാന്‍ ആരും താല്‍പ്പര്യപ്പെടുന്നില്ല.

“അദ്ദേഹം എഴുതിയ ഭീഷ്മരുടെ ബാക്കിഭാഗം എഴുതാന്‍ എനിക്ക് ആരും ഇല്ല. ആ തിരക്കഥയുടെ ബാക്കി എഴുതാന്‍ മാത്രം കഴിവ് ഞങ്ങള്‍ക്കില്ല” - സിന്ധു ലോഹിതദാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഇരുപതിലധികം സീനുകള്‍ ലോഹി എഴുതിയിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.

പത്തു ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുള്ളയാളായാണ് ഭീഷ്മരില്‍ ലോഹിതദാസ് മോഹന്‍ലാലിനെ അവതരിപ്പിക്കാനിരുന്നത്. വ്യത്യസ്തമായ പ്രമേയമായിരുന്നു. അഗാധമായ പാണ്ഡിത്യമുള്ളപ്പോഴും ഒരു സാധാരണക്കാരനായി ജീവിച്ച കഥാപാത്രം. ഒടുവില്‍ ആരോപണങ്ങളുടെ ശരശയ്യയില്‍ തറയ്ക്കപ്പെടുകയാണ് അദ്ദേഹം. ഇത്തരമൊരു ഉഗ്രന്‍ കഥാപാത്രത്തിന്‍റെ ജീവിതം എഴുതാന്‍ ബാക്കിവച്ചാണ് ലോഹി യാത്രയായത്.

സിബി മലയിലിന്‍റെ സംവിധാനത്തില്‍ ജോണി സാഗരിഗയാണ് ‘ഭീഷ്മര്‍’ നിര്‍മ്മിക്കാനിരുന്നത്. “ലോഹി മരിച്ചതോടെ ഭീഷ്മര്‍ ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. ലോഹിയുടെ ആദ്യ ചിത്രത്തിന്‍റെ സംവിധായകന്‍ തന്നെ അവസാന ചിത്രവും സംവിധാനം ചെയ്യുന്നതാണ് നല്ലതെന്നും, ആ ചിത്രത്തിലൂടെ ലോഹിയുടെ കുടുംബത്തിന് ഒരു സഹായമാകുമെന്നുമൊക്കെ അഭിപ്രായമുണ്ടായി. അതനുസരിച്ചാണ് ഞാന്‍ ലോഹിയുടെ ഭാര്യ സിന്ധുവിനെ വിളിച്ച് ഭീഷ്മര്‍ എന്ന തിരക്കഥയെക്കുറിച്ച് അന്വേഷിച്ചത്. അപ്പോള്‍ സിന്ധു പറഞ്ഞത്, ഭീഷ്മര്‍ എന്ന തിരക്കഥ പൂര്‍ണമായും ലോഹിയുടെ മനസില്‍ ഉണ്ടായിരുന്നു, പക്ഷേ കടലാസിലേക്ക് പകര്‍ത്തപ്പെട്ടിട്ടില്ല എന്നാണ്” - സിബി മലയില്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക