ബച്ചന്‍ ചിത്രവുമായി പ്രിയദര്‍ശന്‍

ചൊവ്വ, 24 ഫെബ്രുവരി 2009 (18:58 IST)
PROPRO
ലോകപ്രശസ്‌‌ത കടുവവേട്ടക്കാരനായ ജിം കോര്‍ബറ്റിന്‍റെ സാഹസിക കഥകള്‍ വായിക്കാത്തവര്‍ ചുരുക്കമായിരിക്കും‍. ഒരേസമയം വായനക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ആവേശത്തിന്‍റെ പരമകോടിയിലെത്തിക്കുകയും ചെയ്ത കോര്‍ബറ്റ് ഇതാ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരുന്നു.

ഇത്തവണ വെള്ളിത്തിരയിലാണ് കോര്‍ബറ്റ് പുനര്‍ജനിക്കുന്നത്. കോര്‍ബറ്റാവുന്നതാകട്ടെ ബോളിവുഡിലെ ഒരേ ഒരു ബിഗ് ബിയും. ഹിറ്റ്മേക്കറായ പ്രിയദര്‍ശനാണ് ‘ഗിര്‍‌ര്‍‌ര്‍‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രമൊരുക്കുന്നത്. പ്രിയനും ബിഗ് ബിയും ഒരുമിക്കുന്ന ആദ്യ ചിത്രമായിരിക്കും ‘ഗിര്‍‌ര്‍‌ര്‍‘.

ബിഗ് ബിയുടെയും കോര്‍ബറ്റിന്‍റെയും വലിയ ആരാധകനായ താന്‍ ബിഗ്ബിയ്ക്കായി ഒരു ചിത്രമൊരുക്കുമ്പോള്‍ ഇതില്‍ കുറഞ്ഞ വേഷം നല്‍കാനാവില്ലെന്നാണ് പ്രിയന്‍ പറയുന്നത്. സുന്ദര്‍ബെന്‍ വനനിരകളിലെ നരഭോജികളായ കടുവകളെ വേട്ടയാടാനിറങ്ങിയ കോര്‍ബറ്റിന്‍റെ സാഹസിക ജീവിതകഥ പറയുന്ന ഗിര്‍‌ര്‍‌ര്‍, സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍റെ വിഖ്യാതമായ ജാസ് പോലെ തികഞ്ഞ ത്രില്ലറായിരിക്കുമെന്നാണ് പ്രിയന്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ചിത്രീകരണത്തിനായി സുന്ദര്‍ബെന്‍ വനനിരകളിലേക്ക് പോകാനൊന്നും പ്രിയന്‍ ഒരുക്കമല്ല. കാരണം തന്‍റെ ചിത്രീകരണ സംഘത്തിന്‍റെ ജീവന്‍ പണയം വച്ചുകൊണ്ടുള്ള ഒരു കളിക്കും പ്രിയനില്ല. അനിമാട്രോണിക്സ്(മൃഗങ്ങളെപ്പോലെ തോന്നിപ്പിക്കുന്ന റോബോട്ടുകള്‍) സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ചിത്രമെടുക്കുകയെന്നും പ്രിയന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക