പോക്കിരി വീണ്ടും; സല്ലുവിന്റെ നായികയാകാന്‍ നയന്‍‌സ്

ഞായര്‍, 8 മെയ് 2011 (14:33 IST)
PRO
PRO
പ്രഭുദേവ് സംവിധാനം ചെയ്ത് വിജയ് നായകനായി 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പോ‍ക്കിരി. ഈ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം വാണ്ടഡ് എന്ന പേരില്‍ 2009ല്‍ ബോളിവുഡിലെത്തിയപ്പോള്‍ നായകന്‍ സല്‍‌മാന്‍ ഖാനായിരുന്നു. ഹിന്ദിയിലും ചിത്രം സൂപ്പര്‍ഹിറ്റ്. വാണ്ടഡിന് ഒരു തുടര്‍ച്ചയൊരുക്കാന്‍ സല്ലു പ്രഭുദേവയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രഭുദേവ് ഈ ചിത്രത്തിന്റെ തിരക്കഥ രചന തുടങ്ങിക്കഴിഞ്ഞുവെന്നാണ് വാര്‍ത്ത. ഈ വര്‍ഷം അവസാനത്തോടെ തന്നെ ചിത്രം ഒരുക്കാനാണ് തീരുമാനം.

കഥയിങ്ങനെയൊക്കെ ആകുമ്പോഴാണ് ഇതിലെ നായിക ആരായിരിക്കുമെന്ന ചോദ്യം ഉയരുന്നത്. പ്രഭുദേവിന്റെ കാമുകിയും പ്രമുഖ തെന്നിന്ത്യന്‍ നടിയുമായ നയന്‍‌താരയുടെ പേരാണ് ഈ സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. നയന്‍‌താരയുടെ ബോളിവുഡ് പ്രവേശം ഈ ചിത്രത്തിലൂടെയായിരിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാണ്ടഡില്‍ തന്നെ നയന്‍‌താര നായികയാകുമെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ അയിഷാ ടാക്കിയയ്ക്കാണ് നറുക്ക് വീണത്. പോക്കിരിയില്‍ വിജയിയുടെ നായികയായെത്തിയത് അസിനായിരുന്നു.

വെബ്ദുനിയ വായിക്കുക