പ്രേക്ഷകനെ രസിപ്പിക്കാന്‍വേണ്ടിയല്ല താന്‍ സിനിമയെടുക്കുന്നതെന്ന് രാജീവ് രവി. ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടുനിര്‍ത്തി സംവിധായകന്‍ മാറിനില്‍ക്കും. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും അദ്ദേഹം പറഞ്ഞു. കുമ്മട്ടിപ്പാടം എന്ന കഥ എങ്ങനെ അവതരിപ്പിക്കണം എന്നത് മുന്‍കൂട്ടി തീരുമാനിച്ചതാണ്. ഫ്ളാഷ് ബാക്കുകളിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. ഓര്‍മകളിലൂടെയാണ് കഥയിലേക്ക് വരുന്നത്. ബോധപൂര്‍വം തന്നെ അങ്ങനെ സിനിമ അവതരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സിനിമയില്‍ 'എന്റെ പുലയനോട് ഒരുവാക്ക് പറഞ്ഞോട്ടെ' എന്ന ഒരു പാട്ട് ഉണ്ട്. 'പുലയന്‍' എന്ന വാക്ക് ഒരിക്കല്‍പോലും സിനിമയില്‍ ഉപയോഗിക്കാന്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചില്ല. അതൊരു തെറിയാണെന്നായിരുന്നു ബോര്‍ഡിന്റെ കണ്ടെത്തല്‍. ആ പാട്ടിന്റെ വരിയില്‍നിന്നുപോലും ആ വാക്ക് തനിക്ക് ഒഴിവാക്കേണ്ടിവന്നു. 'പുലയന്‍' എന്നത് തെറികളുടെ കൂട്ടത്തില്‍ ഉള്ള വാക്കാണെന്നും അത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് അയച്ച കത്ത് ഇപ്പോള്‍ തന്റെ കൈവശമുണ്ട്. ഒരു പുലയസമുദായത്തിലുള്ള വ്യക്തിയാണ് ഈ സിനിമയില്‍ ഒരു പുലയകഥാപാത്രമായി അഭിനയിച്ചത്. അവര്‍ക്കാര്‍ക്കും ആ വാക്ക് ഒരു തെറിയായി തോന്നുന്നില്ലെന്നും ദേശാഭിമാനിക്കായി അനുവധിച്ച അഭിമുഖത്തില്‍ രാജീവ് രവി വ്യക്തമാക്കി.
സിനിമയില്‍ പ്രധാന കഥാപാത്രമായ ഗംഗനെ അവതരിപ്പിച്ച നടന്‍ വിനായകന്‍ കമ്മട്ടിപ്പാടത്ത് ജനിച്ചുവളര്‍ന്ന വ്യക്തിയാണ്‍. സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായ ബാലനെ അവതരിപ്പിക്കുന്നത് ചമ്പക്കരയിലെ മാര്‍ക്കറ്റില്‍ പണിയെടുക്കുന്ന മണികണ്ഠനാണ്. നടനും നാടകപ്രവര്‍ത്തകനുമായ സുജിത് ശങ്കറാണ് തനിക്ക് മണികണ്ഠനെ പരിചയപ്പെടുത്തിയത്. മണികണ്ഠന്റെയും വിനായകന്റെയും കഥാപാത്രങ്ങള്‍ പ്രകടനപരമായതിനാല്‍ പെട്ടെന്ന്തന്നെ ശ്രദ്ധിക്കപ്പെടും. എന്നാല്‍, ദുല്‍ഖര്‍ വളരെ സൂക്ഷ്മമായ രീതിയിലുള്ള പ്രകടനമാണ് കാഴ്ചവച്ചത്. ദുല്‍ഖറിനെ നരച്ച വേഷത്തില്‍ അവതരിപ്പിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ചെറുപ്പവും പ്രായമായ അവസ്ഥയും ഒരുപോലെ കാണിക്കേണ്ടിവന്നതിനാല്‍ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായിരുന്നു ദുല്‍ഖറെന്നും രാജീവ് രവി പറഞ്ഞു.