ടിക്കറ്റ് കിട്ടാത്തവര്‍ നിരാശരാകേണ്ട, പുലിമുരുകന്‍ കളിക്കുന്ന തിയേറ്ററുകളുടെ എണ്ണം കൂട്ടുന്നു!

തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (18:42 IST)
ഇന്ത്യ ഇപ്പോള്‍ പുലിമുരുകന്‍ തരംഗത്തിന്‍റെ പിടിയിലാണ്. കേരളത്തില്‍ 165 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ ചിത്രം കാണാനെത്തുന്നവരില്‍ ലക്ഷക്കണക്കിന് പേര്‍ നിരാശരായി മടങ്ങുന്ന കാഴ്ച പതിവായിരിക്കുകയാണ്. അനിയന്ത്രിതയായ ജനത്തിരക്ക് പുലിമുരുകന്‍ കളിക്കുന്ന സെന്‍ററുകള്‍ക്ക് മുന്നില്‍ വന്‍ ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിക്കുകയാണ്.
 
എന്തായാലും ടിക്കറ്റ് കിട്ടാതെ മടങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ പുലിമുരുകന്‍ കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിപ്പിക്കും. കേരളത്തില്‍ മാത്രം 200ലധികം തിയേറ്ററുകളിലേക്ക് പുലിമുരുകന്‍ എത്തുമെന്നാണ് സൂചന.
 
മാത്രമല്ല, നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഷോകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശമുണ്ട്. ഇപ്പോള്‍ തന്നെ മിക്ക തിയേറ്ററുകളിലും സെക്കന്‍റ് ഷോയ്ക്ക് ശേഷവും ഒന്നോ രണ്ടോ ഷോകള്‍ അധികമായി നടത്തുന്നുണ്ട്. എല്ലാ സെന്‍ററുകളിലും അഡീഷണല്‍ ഷോകള്‍ക്കാണ് ഇപ്പോള്‍ സാധ്യത വന്നിരിക്കുന്നത്. 
 
കേരളത്തില്‍ നിന്ന് മാത്രം മൂന്നുദിവസങ്ങള്‍ കൊണ്ട് 12.91 കോടി രൂപയാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇങ്ങനെ ഒരു ബോക്സോഫീസ് കുതിപ്പ് കണ്ടിട്ടില്ല. ഓരോ ദിവസം ചെല്ലുന്തോറും കളക്ഷന്‍ കുതിച്ചുകയറുകയാണ്.
 
ആദ്യദിനത്തില്‍ 4.05 കോടിയും രണ്ടാം ദിനത്തില്‍ 4.03 കോടിയും മൂന്നാം ദിനത്തില്‍ 4.83 കോടിയുമാണ് പുലിമുരുകന്‍ കേരളത്തില്‍ നിന്ന് വാരിക്കൂട്ടിയത്. ഉദയ്കൃഷ്ണയുടെ മാസ് തിരക്കഥയും പീറ്റര്‍ ഹെയ്നിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും വൈശാഖിന്‍റെ പവര്‍പാക് സംവിധാനവും സര്‍വോപരി മോഹന്‍ലാലിന്‍റെ വിസ്മയപ്രകടനം കൂടിയായതോടെ പുലിമുരുകന്‍ റെക്കോര്‍ഡ് വിജയമായി മാറി.

വെബ്ദുനിയ വായിക്കുക