ചിരിപ്പിച്ച് രസിപ്പിക്കാന്‍ പ്രിയന്‍

ഞായര്‍, 14 ഓഗസ്റ്റ് 2011 (16:53 IST)
PRO
PRO
ഗൌരവമേറിയ വിഷയങ്ങളുള്ള സിനിമകളേക്കാള്‍ മലയാള പ്രേക്ഷകര്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ചിരിപ്പിക്കുന്ന ചിത്രങ്ങളാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. അതുകൊണ്ട് തന്നെ ഇനിയും അത്തരം സിനിമകള്‍ തന്നെയാകും മലയാളത്തില്‍ ചെയ്യുകയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മലയാളത്തില്‍ ഗൌരവമേറിയ സിനിമകള്‍ ചെയ്യണമെന്ന് ആലോചനയുണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കോമഡി ചിത്രങ്ങളാണ്. നിരവധി പ്രതികരണങ്ങളാണ് ഇതുസംബന്ധിച്ച് ലഭിച്ചത്. കിലുക്കം പോലുള്ള ചിത്രങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചായിരത്തോളം ഈ മെയില്‍ സന്ദേശങ്ങളാണ് എനിക്ക് ലഭിച്ചത്- പ്രിയദര്‍ശന്‍ പറഞ്ഞു.

ഇത്തരം ഒരു പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് അറബിയും ഒട്ടകവും മാധവന്‍ നായരും ചെയ്യുന്നത്. അതില്‍ ചിന്തിക്കാന്‍ കാര്യമായൊന്നുമില്ല. ബുദ്ധി വീട്ടില്‍ വച്ചിട്ട് തീയേറ്ററില്‍ പോയി ഈ സിനിമ ആസ്വദിക്കുക- പ്രിയന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക