കുസേലന്‍ ആവര്‍ത്തിക്കുന്നു; ബില്ലു പരാജയത്തിലേക്ക്

ബുധന്‍, 25 ഫെബ്രുവരി 2009 (17:38 IST)
PROPRO
ബോക്സോഫീസില്‍ കുസേലന്‍ ആവര്‍ത്തിച്ചു. കഥ പറയുമ്പോള്‍ എന്ന മലയാള ചിത്രത്തെ അധികരിച്ച് എടുത്ത ഹിന്ദിച്ചിത്രം ‘ബില്ലു’ പരാജയത്തിലേക്ക് നീങ്ങുന്നു. തീര്‍ത്തും ആശാവഹമല്ലാത്ത റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. കഥപറയുമ്പോള്‍ തമിഴില്‍ എടുത്തപ്പോള്‍ രജനീകാന്തിന്‍റെ താരപരിവേഷത്തിന് ചേരുന്ന രീതിയില്‍ കഥ മാറ്റിമറിച്ചിരുന്നു. ആ സിനിമയുടെ പരാജയകാരണം അതാണെന്ന് ആശ്വസിക്കാമെങ്കിലും ഹിന്ദി പതിപ്പായ ബില്ലുവിന് എന്താണ് സംഭവിച്ചത് എന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍.

മലയാളത്തില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഈ ചിത്രം റീമേക്ക് ചെയ്തത്. മാത്രമല്ല, നിരൂപകര്‍ ഏറെ പ്രശംസകള്‍ ചൊരിയുകയും ചെയ്തു. ആദ്യ ദിവസങ്ങളിലെ തിയേറ്റര്‍ റിപ്പോര്‍ട്ടുകളും അനുകൂലമായിരുന്നു. എന്നാല്‍ ആദ്യത്തെ നാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിയേറ്ററുകളിലെ ആരവം നിലച്ചു.

ബില്ലു രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ പരാജയം ഏതാണ് ഉറപ്പാക്കിക്കഴിഞ്ഞു. വൈഡ് റിലീസിംഗ് നടത്തിയ ഈ ചിത്രത്തിന് ആദ്യവാരത്തില്‍ ഇന്ത്യയില്‍ നിന്ന് 18 കോടി രൂപ മാത്രമാണ് നേടാനായത്. ഈ പ്രകടനം തീര്‍ത്തും നിരാശാജനകമാണെന്നാണ് ബോക്സോഫീസ് വിദഗ്ധരുടെ വിലയിരുത്തല്‍. ഷാരുഖ് ഖാന്‍ നിര്‍മ്മിച്ച് അഭിനയിച്ച ഒരു ചിത്രത്തിന്‍റെ ബോക്സോഫീസ് നിലവാരം ഈ രീതിയിലേക്ക് താഴ്ന്നത് ബോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട്.

ദീപിക പദുക്കോണ്‍, കരീന കപൂര്‍, പ്രിയങ്ക ചോപ്ര എന്നീ ഹോട്ട് താരങ്ങളുടെ ഡാന്‍സും ഇര്‍ഫാന്‍ ഖാന്‍, ലാറ ദത്ത എന്നിവരുടെ മികച്ച അഭിനയപ്രകടനവും എല്ലാത്തിനുമുപരിയായി ഷാരുഖിന്‍റെ സാന്നിധ്യവും ഈ സിനിമയ്ക്ക് ഒരു മെഗാഹിറ്റ് പ്രതീക്ഷയായിരുന്നു നല്‍കിയത്. എന്നാല്‍ ഇത്തവണ പ്രിയദര്‍ശന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചതായാണ് ചിത്രത്തിന്‍റെ പരാജയം നല്‍കുന്ന സൂചന.

ബില്ലുവിന്‍റെ മാര്‍ക്കറ്റിംഗിലുണ്ടായ പാളിച്ചകളാണ് ചിത്രത്തെ പരാജയത്തിലേക്ക് തള്ളിയിട്ടതെന്നാണ് വിലയിരുത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ കാര്യമായ വിപണന തന്ത്രങ്ങളൊന്നും ബില്ലുവിനായി ആവിഷ്കരിച്ചിരുന്നില്ല. വേണ്ടത്ര പരസ്യമില്ലാത്തത് ‘ഒരു ഷാരുഖ് ചിത്രം’ എന്ന പ്രതീതി ജനിപ്പിക്കുന്നതിന് വിഘാതമായി. സമീപകാലത്ത് ഗജിനി എന്ന സിനിമയെ എങ്ങനെയാണ് അമീര്‍ ഖാന്‍ മാര്‍ക്കറ്റിംഗിലൂടെ വന്‍ വിജയമാക്കിയതെന്ന് നിരീക്ഷിച്ചാല്‍ ബില്ലുവിന്‍റെ കാര്യത്തില്‍ ഷാരുഖിന് പറ്റിയ പാളിച്ച ബോധ്യമാകും.

എന്തായാലും ഈ വര്‍ഷത്തെ ബോക്സോഫീസ് ദുരന്തമായി ബില്ലു മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം, അഭയ് ഡിയോള്‍ നായകനായ ലോ ബജറ്റ് ചിത്രം ‘ദേവ് ഡി’ മികച്ച പ്രകടനമാണ് തിയേറ്ററുകളില്‍ കാഴ്ചവയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക