കാശ്മീര്‍: മോഹന്‍ലാല്‍ ഒഴിവായി, പകരം അര്‍ജ്ജുന്‍!

വ്യാഴം, 28 ഫെബ്രുവരി 2013 (18:39 IST)
PRO
മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന ഒരു വാര്‍ത്ത ലഭിക്കുന്നു. ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ കാശ്മീരില്‍ നിന്ന് മോഹന്‍ലാല്‍ ഒഴിവായതായാണ് ലഭിക്കുന്ന സൂചന. മോഹന്‍ലാലിന്‍റെ പിന്‍‌മാറ്റത്തിന് കാരണം വ്യക്തമല്ല.

മോഹന്‍ലാല്‍ അവതരിപ്പിക്കാനിരുന്ന മിലിട്ടറി ഓഫീസറായി അര്‍ജ്ജുന്‍ അഭിനയിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കാശ്മീരിലെ പട്ടാളക്കാരുടെ പോരാട്ടത്തിന്‍റെ കഥ പറയുന്ന ഈ സിനിമ സേതു(സച്ചി-സേതു)വാണ് രചിക്കുന്നത്. ‘ഐ ലവ് മീ’യ്ക്ക് ശേഷം സേതു എഴുതുന്ന സിനിമയാണിത്.

ജയറാം, ബിജു മേനോന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് കാശ്മീര്‍ നിര്‍മ്മിക്കുന്നത്. മാര്‍ച്ചില്‍ കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന കാശ്മീരിന്‍റെ രണ്ടാം ഷെഡ്യൂള്‍ ജൂണില്‍ ആരംഭിക്കും. ഓണം റിലീസായി പ്രദര്‍ശനത്തിനെത്തും.

രണ്ടാം ഷെഡ്യൂള്‍ പൂര്‍ണമായും കാശ്മീരിലായിരിക്കും ചിത്രീകരണം. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.

വിജയ്ക്കൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം ‘ജില്ല’യുമായി ഡേറ്റ് ക്ലാഷ് ഉണ്ടാകുമെന്നതിനാലാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ നിന്ന് പിന്‍‌മാറിയതെന്നറിയുന്നു.

വെബ്ദുനിയ വായിക്കുക