അമ്പതുകാരന്‍റെ ആകുലതകളുമായി രഞ്ജിത് - ജയറാം ചിത്രം!

വ്യാഴം, 4 ഡിസം‌ബര്‍ 2014 (15:37 IST)
'ഞാന്‍' വേണ്ടത്ര പ്രേക്ഷശ്രദ്ധ നേടിയില്ലെങ്കിലും ഏറെ നിരൂപക പ്രശംസ ലഭിക്കുകയും ചലച്ചിത്രമേളകളില്‍ മിന്നിത്തിളങ്ങുകയും ചെയ്തു. സംവിധായകന്‍ രഞ്ജിത് തന്‍റെ അടുത്ത സിനിമയുടെ ജോലികളിലേക്ക് കടന്നുകഴിഞ്ഞു. ജയറാമാണ് ഈ സിനിമയിലെ നായകന്‍.
 
പതിവ് ജയറാം സിനിമകളുടെ ചേരുവകളൊന്നും ഈ ചിത്രത്തിലുണ്ടാവില്ല. ഒരു അമ്പതുവയസുകാരന്‍റെ ആകുലതകളും വേദനയും ഒറ്റപ്പെടലുമെല്ലാം ചിത്രീകരിക്കുന്ന സിനിമ അച്ഛന്‍-‌മകന്‍ ബന്ധത്തിന് പുതിയ നിര്‍വചനം നല്‍കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. മറ്റൊരു കൌതുകം, രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായാണ് ജയറാം അഭിനയിക്കുന്നത്!
 
രഞ്ജിത് തിരക്കഥയെഴുതിയ ഒട്ടേറെ സിനിമകളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ജയറാം ചിത്രം സംവിധാനം ചെയ്യാന്‍ ഇപ്പോഴാണ് രഞ്ജിത്തിന് സാധിക്കുന്നത്. ഇരുവരും അമ്പതുവയസ് പിന്നിടുന്നതിന്‍റെ മനോഹരമായ യാദൃശ്ചികതയായിരിക്കാം ഇതെന്ന് സിനിമാലോകവും കരുതുന്നു.
 
അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സിനിമയുടെ ക്യാമറ എസ് കുമാറിന്‍റെ മകന്‍ കുഞ്ഞുണ്ണി നിര്‍വഹിക്കും എന്നാണ് റിപ്പോര്‍ട്ട്. 
 
വിറ്റ്‌നസ്, കാലാള്‍പ്പട, പ്രാദേശികവാര്‍ത്തകള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, പാവക്കൂത്ത്, നന്‍‌മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, മറുപുറം, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, ജോര്‍ജ്ജുകുട്ടി C/O ജോര്‍ജ്ജുകുട്ടി, പൂക്കാലം വരവായി, കൈക്കുടന്ന നിലാവ്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നിവയാണ് രഞ്ജിത് രചിച്ച ജയറാം ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക