തമിഴിലെ അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത് നായകനാകുന്ന പുതിയ ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുമെന്ന വാര്‍ത്ത മുരുഗദോസ് നിഷേധിച്ചതായി റിപ്പോര്‍ട്ടുകള്‍. ചിത്രം ചെയ്തു തരണമെന്ന അഭ്യര്‍ത്ഥനയുമായി സമീപിച്ച അജിത്തിനോട് മുരുഗദോസ് ‘നോ’ പറഞ്ഞതായാണ് അറിയുന്നത്. മുരുഗദോസിനെ സംബന്ധിച്ച് ഇത് ഒരു മധുരപ്രതികാരം കൂടിയാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘ഗജിനി’യുടെ കഥയുമായി മുരുഗദോസ് ആദ്യം സമീപിച്ചത് അജിത്തിനെയാണത്രേ. എന്നാല്‍ കഥയില്‍ അജിത്തിന് അത്ര വിശ്വാസം തോന്നിയില്ല. മുരുഗദോസിനെ അവഗണിച്ച് മറ്റ് പ്രൊജക്ടുകളുമായി അജിത് മുന്നോട്ടു പോകുകയായിരുന്നു.
അജിത് വേണ്ടെന്നു വച്ചപ്പോഴാണ് മുരുഗദോസ് ഗജിനിയുടെ കഥയുമായി സൂര്യയെ കണ്ടത്. ആ കഥയിലെ ‘ഫയര്‍’ മനസിലാക്കിയ സൂര്യ ഉടന്‍ സമ്മതം മൂളുകയായിരുന്നു. തമിഴില്‍ ചിത്രം ഒരു തരംഗം തന്നെ സൃഷ്ടിച്ചു. മാത്രമല്ല, ഗജിനി ഹിന്ദിയില്‍ റീമേക്ക് ചെയ്ത് റെക്കോര്‍ഡ് വിജയവും മുരുഗദോസ് സൃഷ്ടിച്ചു.
ഹിന്ദി ഗജിനിയുടെ അഭൂതപൂര്‍വമായ വിജയത്തോടെ സൂപ്പര്‍താരങ്ങളും നിര്‍മ്മാതാക്കളും മുരുഗദോസിന്‍റെ പിന്നാലെയാണ്. അങ്ങനെയാണ് അജിത്തും ഇദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ ഉടനെയൊന്നും ഒരു തമിഴ് ചിത്രം ചെയ്യുന്നില്ലെന്നാണ് മുരുഗദോസിന്‍റെ നിലപാട്.
മറ്റൊരു സ്വപ്ന പദ്ധതിയാണ് മുരുഗദോസിന്‍റെ മനസില്‍. ഈ മാസം 20ന് മുരുഗദോസിനായി സാക്ഷാല്‍ ഷാരുഖ് ഖാന്‍ കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ട്. ഷാരുഖിനെ നായകസ്ഥാനത്തു കണ്ട് ഒരു തകര്‍പ്പന്‍ കഥ മുരുഗദോസ് തയ്യാറാക്കിയിട്ടുണ്ട്. അത് ഷാരുഖിന് ഇഷ്ടപ്പെട്ടാല്‍, അദ്ദേഹത്തിന്‍റെ സ്വപ്നം സഫലമാകും. മുരുഗദോസിന്‍റെ സംവിധാനത്തില്‍ കിംഗ്ഖാന്‍ നായകനാകുന്ന ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും!.