മനുഷ്യകുലത്തെ നവ സൃഷ്ടിയിലേക്കു നയിക്കാനാണ് ദൈവ പുത്രന്‍ പിറന്നത്. പാപവും അനീതിയും അക്രമങ്ങളും പെരുകുമ്പോള്‍ നന്‍മയിലേക്കും സമാധാനത്തിലേക്കും സ്നേഹത്തിലേക്കും മിഴി തുറക്കാന്‍ ഒരോ ക്രിസ്മസും പ്രചോദിപ്പിക്കുന്നു. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും സ്നേഹവും ആശംസിച്ചു കൊണ്ടാണ് തിരുപ്പിറവി.
സമര്‍പ്പണത്തിന്‍റെ പൂര്‍ണ്ണതയായിരുന്നു ക്രിസ്തു സമ്പൂര്‍ണ്ണമായ സ്നേഹവും കരുണയും എല്ലാവരിലും ചൊരിഞ്ഞ അവന്‍ ലോകത്തിന്‍റെ രക്ഷയ്‌ക്കായി കുരിശുമരണം വരെയും സമര്‍പ്പണ ജീവിതമായിരുന്നു നയിച്ചത്. ഓരോ ക്രിസ്മസും സമര്‍പ്പണത്തിന്‍റെ പുതിയ സന്ദേശങ്ങള്‍ വഹിച്ചു കൊണ്ടാണ് പുറന്നു വീഴുന്നത്.
ആത്‌മീയമായ നിറവോടും ആചാരാനുഷ്ഠാനങ്ങളോടും കൂടി ആചരിച്ച് അവനിലൂടെയുള്ള പുതിയ ജനനമാണ് ഓരോ ക്രിസ്മസും പകരുന്ന സന്ദേശം. ഭൂമിയിലെ ദുഖ:ങ്ങളിലേക്ക് സ്വയം ചെറുതായി ജനിച്ച രക്ഷകന്‍ ഓരോരുത്തരുടേയും ഹൃദയമാകുന്ന ബത്‌ലഹേമിലേക്കാണ് ജനിച്ചു വീഴുന്നത്. അവനെ ഹൃദയത്തില്‍ ഏറ്റു വാങ്ങുന്നതിലൂടെ അവന്‍ ചെയ്ത കാര്യങ്ങളെ അവന്‍ കാട്ടിത്തന്ന പാതകളെ സമര്‍പ്പണത്തോടെ പിന്തുടരാം.
മനുഷ്യനൊപ്പം വസിക്കാനാണ് അവന്‍ രൂപമെടുത്തത്. സംഘര്‍ഷങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും മനുഷ്യരുടെ അവലംബമാണ് പാപമില്ലാത്ത അവന്‍. സകലതിനെയും തന്നില്‍ ചേര്‍ക്കാനും എല്ലാം സഹിക്കാനുമാണ് അവന്‍റെ പിറവി. ഭൌതികമായ മോഹങ്ങളില്‍ ചഞ്ചലപ്പെടാതെ നില കൊള്ളാന്‍ അവനിലൂടെ സാധിക്കുന്നു. എല്ലാത്തിനോടും കരുണ കാട്ടുവാനും സ്നേഹിക്കുവാനും അവന്‍ നമ്മേ പഠിപ്പിക്കുന്നു.
അവന്‍ കാട്ടിത്തന്ന വഴികള്‍ സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയുമാണ്. അവനില്‍ പൂര്‍ണ്ണത കണ്ടെത്തുന്നവര്‍ സമാധാനം വിടര്‍ത്തുന്നവരും കരുണയുടെയും സ്നേഹത്തിന്‍റെയും കാര്യത്തില്‍ പൂര്‍ണ്ണത കണ്ടെത്തുന്ന നിഷ്ക്കളങ്ക ഹൃദയത്തിനുടമകളുമാണ്.സകലത്തെയും തന്നില്‍ ചേര്‍ത്തു നിര്‍ത്തുന്ന പുതുക്കുന്ന നവ സൃഷ്ടിയിലേക്കാണ് ഓരൊ ക്രിസ്മസ് പുലരികളും വിരല്‍ ചൂണ്ടുന്നത്.